LIFESTYLE
സിനിമാപ്രേമിയായ മകന് മുന്തിയ ഹോംതിയറ്റർ വേണം; പൊടിച്ചത് 8 ലക്ഷം രൂപ; ഒടുവിൽ സംഭവിച്ചത്…അനുഭവം

യൗവനത്തിൽ ഗൾഫിൽ എത്തിയതാണ് അയാൾ. ഇപ്പോൾ വയസ്സ് 50 കഴിഞ്ഞു. അത്യാവശ്യം സമ്പാദിച്ചു. മക്കൾ യൗവനത്തിലെത്തി. ഇനി അവരുടെ വിവാഹം നടത്തണം. അതിനു മുന്നോടിയായി അസൗകര്യങ്ങളുള്ള പഴയ വീട് പൊളിച്ചുകളഞ്ഞു പുതിയ വീട് നിർമിക്കാൻ പദ്ധതിയിട്ടു. ജീവിതത്തിൽ ഒരൊറ്റ വീടല്ലേ വയ്ക്കൂ. സമ്പാദ്യത്തിൽ നല്ലൊരു പങ്ക് അതിലേക്കായി മാറ്റിവച്ചു. ഓരോ അംഗത്തിന്റെയും അഭിപ്രായങ്ങളും ഇഷ്ടങ്ങളും ചോദിച്ചറിഞ്ഞു. ഭാര്യക്ക് വിശാലമായ കിച്ചൻ, മകൾക്ക് പ്രൈവറ്റ് ബാൽക്കണിയുള്ള ബെഡ്റൂം. സിനിമാപ്രേമിയായ മകൻ ആവശ്യപ്പെട്ടത് ഒരു ഹോംതിയറ്ററാണ്. ഡോൾബി സാങ്കേതികവിദ്യ, വലിയ സ്ക്രീൻ, പ്രൊജക്ടർ, അക്കോസ്റ്റിക് പാനലിങ്, റിക്ലയ്നർ ചെയറുകൾ, ഡാൻസിങ് ലൈറ്റുകൾ…എല്ലാം ചെയ്തുവന്നപ്പോൾ 8 ലക്ഷത്തിലേറെ രൂപയായി.അങ്ങനെ ഓരോരുത്തരുടെയും ഇഷ്ടങ്ങൾ പരിഗണിച്ചപ്പോൾ സ്ക്വയർഫീറ്റ് വളർന്നുവലുതായി. ചുരുക്കത്തിൽ സ്ട്രക്ചർ പോലെതന്നെ തുക ഇന്റീരിയർ ഫർണിഷിങ്ങിന് ചെലവായി. പാലുകാച്ചൽ ഗംഭീരമായി നടന്നു. ഒരുവർഷത്തിനുള്ളിൽ മകളുടെ വിവാഹം കഴിഞ്ഞു. മകനെ ഗൾഫിൽ ജോലിയിൽ കയറ്റിയിട്ട് ഗൃഹനാഥൻ തുടർന്നുള്ള കാലം നാട്ടിൽ സന്തോഷമായി കഴിയാനെത്തി.നിലവിൽ 4000 സ്ക്വയർഫീറ്റുള്ള വീട്ടിൽ ഗൃഹനാഥനും ഭാര്യയും മാത്രം. മകളുടെ മുകളിലെ കിടപ്പുമുറി അടഞ്ഞുകിടക്കുന്നു. ബാൽക്കണിയിൽ ആരും കയറാറില്ല. അവിടം കിളികൾ കാഷ്ഠിച്ച് വൃത്തികേടായി കിടക്കുന്നു.ഹോം തിയറ്ററിന്റെ കാര്യമാണ് ഏറെ കഷ്ടം. പടികൾ കയറി മുകളിലെത്തി അവിടെ ആരും കയറാറില്ല. വീട്ടിലെ ടിവി പോലും അധികം വയ്ക്കാറില്ല എന്നതാണ് യാഥാർഥ്യം. കട്ടിലിൽ കിടന്നുകൊണ്ട് മൊബൈലിലായി വിഡിയോ കാണൽ. കൃത്യമായി ഉപയോഗിക്കാതെ ഇലക്ട്രോണിക് ഉപകരണങ്ങൾ കേടായി. സൗണ്ട് പ്രൂഫ് പാനലുകൾ പൊടിപിടിച്ചു. വാതിൽ തുറന്നാൽ പൊടിമണം താഴത്തെ നിലയിൽ ഉള്ളവരുടെ മൂക്കിൽവരെ അടിച്ചുകയറും. തുമ്മലും അലർജിയും പതിവായി.ആളാംപ്രതി മുറികൾ നിർമിച്ചുകൂട്ടിയ കേരളത്തിൽ വലിയൊരു ശതമാനം വീടുകളിൽ ഇതാണാവസ്ഥ. പൊടിപിടിച്ച് അടച്ചിട്ടിരിക്കുന്ന കിടപ്പുമുറികൾ, ഒന്ന് ഫ്ലഷ് ചെയ്തിട്ട് വർഷങ്ങളായ ടോയ്ലറ്റുകൾ..ഇത്തരം അനുഭവങ്ങൾ മൂലം പുതിയതായി വീട് നിർമിക്കുന്ന ആളുകൾ ചെറുതായിട്ടെങ്കിലും മാറിചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. പുതിയ വീടുകളുടെ സ്ക്വയർഫീറ്റ് കുറയുന്നുണ്ട്, ഒരുനില വീടുകൾക്ക് വീണ്ടും പ്രചാരം വർധിക്കുന്നു..മാറ്റങ്ങൾ ശുഭകരമാണ്.
Cinema ⏭️




