LIFESTYLE
വാടക ഒരുദിവസം വൈകിയതിന് വീട്ടുടമസ്ഥൻ പിഴ ചുമത്തി; വേറിട്ട രീതിയിൽ പ്രതികരിച്ച് ജെൻ സീ വാടകക്കാരൻ

ജീവിതത്തിലും ജോലിസ്ഥലത്തും ഏകപക്ഷീയമായ നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം പരസ്പര സുതാര്യതയും നീതിയും ആവശ്യപ്പെടുന്ന ജെൻ സീ തലമുറ ആധുനിക മാനദണ്ഡങ്ങളെത്തന്നെ പുനർനിർവചിക്കുകയാണ്. വാടക ഒരു ദിവസം വൈകിയതിന് വീട്ടുടമസ്ഥൻ പിഴ ചുമത്തിയപ്പോൾ, ഒരു യുവ വാടകക്കാരൻ അതിനോട് പ്രതികരിച്ച രീതി ഇപ്പോൾ സമൂഹമാധ്യമത്തിൽ വലിയ ചർച്ചയാവുകയാണ്. തർക്കിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്യുന്നതിന് പകരം, ശാന്തവും ബുദ്ധിപൂർവവുമായ ഒരു നീക്കത്തിലൂടെ വീട്ടുടമസ്ഥനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ഈ ജെൻ സീ.എക്സൽ സ്പ്രെഡ്ഷീറ്റിലെ ശക്തമായ തെളിവുകൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ ‘Dekim_Kalvino’ എന്ന ഉപയോക്താവാണ് ഈ കൗതുകകരമായ സംഭവം പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് 2.7 ദശലക്ഷത്തിലധികം കാഴ്ചക്കാരാണ് ഈ പോസ്റ്റിന് ലഭിച്ചത്. എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളിൽ വാടക നൽകണമെന്നതായിരുന്നു വീട്ടുടമസ്ഥന്റെ നിബന്ധന. ഇതിനുശേഷമുള്ള ഓരോ ദിവസത്തിനും പിഴ ഈടാക്കുകയും ചെയ്തിരുന്നു. ഈ നിയമപ്രകാരം ആറാം തീയതി വാടക നൽകിയ വാടകക്കാരന് പിഴ ലഭിച്ചു.പിഴയടയ്ക്കാൻ തർക്കിക്കാൻ നിൽക്കാതെ, ആ വാടകക്കാരൻ വളരെ ശാന്തമായി ഒരു കാര്യം ചെയ്തു. താൻ ആവശ്യപ്പെട്ടിട്ടും വീട്ടുടമസ്ഥൻ പരിഹരിക്കാതെ വിട്ട എല്ലാ അറ്റകുറ്റപ്പണികളുടെയും വിശദാംശങ്ങളും തീയതികളും സ്ക്രീൻഷോട്ടുകളും സഹിതം രേഖപ്പെടുത്തിയ ഒരു എക്സൽ സ്പ്രെഡ്ഷീറ്റ് അദ്ദേഹം തയാറാക്കി വച്ചിരുന്നു. പിഴ ചുമത്തുന്നതിന് മുൻപ് തന്നെ ഈ രേഖകൾ അദ്ദേഹം തയാറാക്കിയിരുന്നു എന്നതാണ് ശ്രദ്ധേയം.കൂട്ടായ പ്രതിരോധം വീട്ടുടമസ്ഥൻ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോൾ, വാടകക്കാരൻ താൻ തയാറാക്കിയ സ്പ്രെഡ്ഷീറ്റ് കെട്ടിടത്തിലെ മറ്റ് വാടകക്കാർക്കെല്ലാം അയച്ചുകൊടുത്തു. അന്ന് വൈകുന്നേരത്തോടെ മറ്റ് വാടകക്കാരും തങ്ങളുടെ കൈവശമുള്ള അറ്റകുറ്റപ്പണി തെളിവുകളും പരാതികളും ആ രേഖയിൽ ഉൾപ്പെടുത്തി. ഇതോടെ അതൊരു കൂട്ടായ പരാതിപ്പട്ടികയായി മാറി. അടുത്ത മാസം വാടക നൽകാൻ ഓർമിപ്പിച്ചുകൊണ്ട് വീട്ടുടമസ്ഥൻ സന്ദേശം അയച്ചപ്പോൾ, വാടകക്കാരൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, ‘നിങ്ങളുടെ പണം അഞ്ചാം തീയതിക്കുള്ളിൽ ലഭിക്കേണ്ടതാണ്. എന്നാൽ ഞങ്ങളുടെ അറ്റകുറ്റപ്പണി അഭ്യർഥനകൾ പരിഹരിക്കപ്പെടാതെ കിടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 63 ദിവസമായി’‘പിഴ നൽകണമെങ്കിൽ, ഇൻവോയ്സ് തരൂ’ കാര്യങ്ങൾ കൈവിട്ടുപോകുന്നുവെന്ന് മനസ്സിലാക്കിയ വീട്ടുടമസ്ഥൻ ആ വാടകക്കാരനെ നേരിട്ട് വിളിച്ച് സ്പ്രെഡ്ഷീറ്റ് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം അത് ശക്തമായി നിരസിച്ചു. ‘എന്റെ വാടക വൈകിയതിന് ഞാൻ പിഴ നൽകണമെങ്കിൽ, അറ്റകുറ്റപ്പണികൾ വൈകിപ്പിച്ചതിന് നിങ്ങൾ ഞങ്ങൾക്ക് പണം നൽകണം, ഇൻവോയ്സ് തരൂ…’ ഈ മറുപടി കേട്ട ഉടൻ വീട്ടുടമസ്ഥൻ ഫോൺ കട്ട് ചെയ്യുകയായിരുന്നു.സമൂഹമാധ്യമത്തിലെ പ്രതികരണങ്ങളും വാടകക്കാരുടെ അവകാശങ്ങളും യുവാവിന്റെ പ്രവൃത്തിയെ പ്രശംസിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. ‘വീട്ടുടമസ്ഥരോ ഏജന്റുമാരോ നിങ്ങളെ കുറ്റപ്പെടുത്തി സംസാരിക്കാൻ ശ്രമിച്ചേക്കാം, എന്നാൽ നിങ്ങളുടെ കരാർ കൃത്യമായി പാലിക്കുകയും വാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകൾ കൈവശം വയ്ക്കുകയും ചെയ്യുക’ എന്ന് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു. അറ്റകുറ്റപ്പണി പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ വീട്ടുടമസ്ഥർ പരാജയപ്പെടുമ്പോൾ വാടകക്കാർക്ക് ലഭ്യമാകുന്ന നിയമപരമായ ഓപ്ഷനുകളെക്കുറിച്ചും ചർച്ചകളുണ്ടായി. വാക്കാലുള്ള പരാതികൾക്ക് പകരം സന്ദേശങ്ങളും സ്ക്രീൻഷോട്ടുകളും തീയതികളും കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്നത് ഭാവിയിൽ ഇത്തരം തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്ന് ഈ സംഭവം ഓർമിപ്പിക്കുന്നു.
Cinema ⏭️




