ഓഫ് സീസണിൽ ഡീസൽ കാശിന് പോലും യാത്രക്കാരില്ലാത്തപ്പോൾ പണം കണ്ടെത്താനുള്ള വഴി, അന്തർസംസ്ഥാന ബസുകളിൽ നടക്കുന്നത്

പ്രതീകാത്മക ചിത്രം
കോട്ടയം: ഓഫ് സീസണുകളിൽ ഡീസൽ കാശിന് പോലും യാത്രക്കാരില്ലാത്തപ്പോൾ അനധികൃത ഇടപാടുകൾക്ക് അന്തർസംസ്ഥാന ബസുകൾ മറയാകുന്നു എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് പൊൻകുന്നത്തെ കഞ്ചാവ് വേട്ട. ഇതിന് മുൻപും ലഹരിവസ്തുക്കളും കള്ളപ്പണവും കള്ളക്കടത്ത് സാമഗ്രികളും അന്തർസംസ്ഥാന ബസുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം സമീപകാലത്ത് അന്യസംസ്ഥാന ലോബികളുടെ നിരവധി സർവീസുകൾ പുതുതായി ആരംഭിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
സ്വന്തം വാഹനങ്ങളിലുള്ള ലഹരിക്കടത്ത് ശ്രമകരമായതോടെയാണ് അന്തർ സംസ്ഥാന ബസ് സർവീസുകളെ മാഫിയ തിരഞ്ഞെടുക്കുന്നത്. പാതിപോലും ആളുകളില്ലാതെ ബസുകൾ സർവീസ് നടത്തുന്നത് കള്ളക്കടത്തിന് വേണ്ടി മാത്രമെന്ന ആക്ഷേപവുമുണ്ട്. ആളുകളുടെ എണ്ണം നോക്കിയാൽ സർവീസ് നഷ്ടമാണെങ്കിലും മുടങ്ങിയിരുന്നില്ല. ബസുടമകളുടെ അറിവോടെയാണ് കള്ളക്കടത്തെന്നാണ് ആക്ഷേപം.
അപൂർവമായാണ് ബസുകളിൽ പരിശോധന. ഇതാണ് മാഫിയാസംഘങ്ങൾക്ക് ഗുണമാകുന്നത്. ബംഗളുരു, മംഗലാപുരം, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ പുലർച്ചെയുള്ള സമയങ്ങളിലാണ് ജില്ലയിൽ എത്തുക. ബസ് തടഞ്ഞുനിറുത്തിയുള്ള പരിശോധന സ്ഥിരമായാൽ യാത്രക്കാരുടെ പരാതിക്ക് കാരണമാകുമെന്നതിനാൽ പ്രായോഗികവുമല്ല. വണ്ടിക്കൂലിയിനത്തിൽ പരമാവധി മൂവായിരം രൂപ മുടക്കിയാൽ കോടികൾ പണമായോ ലഹരിയായോ കടത്താം. ഒരുപാട് ബാഗുകളുടെ കൂടെവയ്ക്കുന്നതിനാൽ ആരുടേതെന്ന് കണ്ടെത്തുകയും പ്രയാസം.
നികുതി വെട്ടിച്ചുള്ള ഉപകരണങ്ങൾ മുതൽ ലഹരി വരെ നിഷ്പ്രയാസം കടത്താം. ഓണം, ക്രിസ്മസ് സീസണുകളിൽ മാത്രമാണ് പേരിനെങ്കിലും പരിശോധന. കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരിശോധന അപ്പോൾ നടത്താറ്.
English Summary
Inter-state buses are reportedly being used for drug trafficking and smuggling, evidenced by a recent cannabis seizure in Ponkunnam. Many services operate with few passengers, raising suspicions of owner involvement in illegal activities. Infrequent checks enable mafias to easily transport contraband and illegal cash across state borders, highlighting a significant challenge for law enforcement.




