NEWS
ഏഴാം മാസത്തെ അപകടം കുഞ്ഞിൽ നിന്നകറ്റി; ‘പരിപാലന വീഴ്ച’യെന്ന് അധികൃതർ: അരിഹയെ കാത്ത് മാതാപിതാക്കൾ

ന്യൂഡൽഹി ∙ ജർമനിയിൽ കുഞ്ഞുങ്ങളുടെ സംരക്ഷണകേന്ദ്രത്തിൽ ഇന്ത്യൻ ബാലിക അരിഹ പറഞ്ഞു തുടങ്ങിയ ഓരോ ഹിന്ദി വാക്കും ഒരമ്മയിൽനിന്ന് മകളിലേക്കുള്ള ദൂരം കുറയ്ക്കുന്ന പാലമാണ്; ‘മാതൃ’ഭാഷ ഈ അഞ്ചുവയസ്സുകാരിക്ക് അമ്മവാത്സല്യത്തിലേക്കുള്ള കാൽവയ്പും.2021ൽ ബർലിനിൽ ഇന്ത്യൻ ദമ്പതികളായ ഭാവേഷിനും ധാരാ ഷായ്ക്കും പിറന്നതാണ് അരിഹ. ഏഴാംമാസത്തിലുണ്ടായ അപകടമാണ് അവളെ മാതാപിതാക്കളിൽനിന്നു വേർപിരിച്ചത്. വൈദ്യപരിശോധനയിൽ ശരീരത്തിലെ പാടുകളിൽ, കുട്ടി ശാരീരിക ഉപദ്രവമേറ്റതിന്റെ ലക്ഷണവുമുണ്ടെന്നു ഡോക്ടർമാർ വിധിച്ചു. ഇതോടെ മാതാപിതാക്കൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്ത് ജർമൻ ചൈൽഡ് വെൽഫെയർ അതോറിറ്റി അരിഹയെ ഫോസ്റ്റർ കെയർ ഹോമിലേക്കു മാറ്റി.അരിഹ ഹിന്ദി വാക്കുകൾ സംസാരിച്ചു തുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സോഫ്റ്റ്വെയർ എൻജിനീയറായി ജോലി ലഭിച്ചതിനെത്തുടർന്ന് 2019ൽ ബർലിനിലെത്തിയ ഭാവേഷിനും ഭാര്യ ധാരാ ഷായ്ക്കും കേസ് മൂലം ജോലി നഷ്ടമായി. ഫോസ്റ്റർ കെയർ ഹോമിലെ ചെലവിനുള്ള 20 ലക്ഷം രൂപയുടെ ബില്ലും ഇതിനിടെയെത്തി.
Fashion ⏭️




