‘30 വർഷം ജോലിയിൽ മാത്രം മുഴുകി, മക്കൾ വളർന്നത് അറിഞ്ഞില്ല’; വേദിയിൽ വികാരാധീനനായി ആമിർ ഖാൻ

ആമീർ ഖാൻ
അഭിനയ ജീവിതത്തിനിടയിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കേണ്ട വിലപ്പെട്ട നിമിഷങ്ങൾ നഷ്ടമായതിന്റെ വേദന പങ്കുവച്ച് ബോളിവുഡ് സൂപ്പർ താരം ആമീർ ഖാൻ. 30 വർഷത്തോളം ജോലിയിൽ മാത്രം മുഴുകിയപ്പോൾ മക്കൾ വളർന്ന് വലുതായത് പോലും ശ്രദ്ധിക്കാനായില്ലെന്ന തിരിച്ചറിവ് തന്റെ മനസിനെ മുറിവേൽപ്പിച്ചുവെന്ന് താരം പറഞ്ഞു. സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പരിപാടിയിൽ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ കാലത്താണ് തനിക്ക് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തിരിച്ചറിവുണ്ടായതെന്ന് ആമീർ വെളിപ്പെടുത്തി. ഒന്നോ രണ്ടോ വർഷം, അല്ലെങ്കിൽ അഞ്ചുവർഷം വരെ ജോലിയിൽ മുഴുകുന്നത് മനസിലാക്കാം എന്നാൽ അതേ ജിവിത രീതി 30 വർഷം തുടർന്നാൽ വ്യക്തിബന്ധങ്ങൾ നഷ്ടമാകുമെന്നും മക്കൾ വളർന്ന് മുതിർന്നവരാകുന്നത് അറിയാതെ പോകുമെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ ആലോചിച്ചപ്പോൾ നഷ്ടബോധം ഉണ്ടായെന്നും ആമീർ പറയുന്നു.
സംസാരിക്കുന്നതിനിടെ വികാരാധീനനായ താരം അൽപ്പനേരം നിർത്തി. കണ്ണീർ തുടച്ച ശേഷം ആമിറിന് സദസിലിരുന്ന പ്രേക്ഷകർ കൈയടികളോടെയാണ് പിന്തുണച്ചത്. ഈ തിരിച്ചറിവ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും താരം വിശദീകരിച്ചു. കഴിഞ്ഞ നാലു വർഷമായി കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമായി കൂടുതൽ സമയം മാറ്റിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 86-ാം വയസിലല്ല, 56-ാം വയസിൽത്തന്നെ തിരിച്ചറിവുണ്ടായതിൽ സന്തോഷമുണ്ടെന്നും അന്ന് ബോദ്ധ്യമായിരുന്നെങ്കിൽ തിരുത്താൻ വൈകിപ്പോയേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary
Bollywood superstar Aamir Khan expressed remorse for neglecting his family during three decades of work, regretting missing his children’s upbringing. Speaking at the Singapore International Film Festival, he revealed this realization came during the pandemic. He stated he has since prioritized spending more time with loved ones, grateful for the timely awareness at age 56.
RELATED TOPICS: LATESTNEWS, CINEMANEWS, SINGAPOOR FILM FESTIVAL, AMEERKHAN EMOTIONAL
Business ⏭️




