SPORTS

കട്ട ഫാൻബോയ്! ജയിലർ 2 കാണാൻ തിയറ്റർ മുഴുവനായി ബുക്ക് ചെയ്ത് സഞ്ജു സാംസൺ– വിഡിയോ


ബെംഗളൂരു ∙ രാജ്യമാകെ ഒട്ടേറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ. എന്നാൽ ആ സഞ്ജു സാംസൺ ആരുടെ ആരാധകനാണ്? മറ്റാരുടെയുമല്ല, സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ കട്ടഫാനാണ് സഞ്ജു. താൻ ‘തലൈവരുടെ’ കടുത്ത ആരാധകനാണെന്ന കാര്യം സഞ്ജു തന്നെ പലവേദികളിലും പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. എന്നാൽ തന്റെ ആരാധനയുടെ ആഴം ഇപ്പോൾ സഞ്ജു തെളിയിച്ചിരിക്കുകയാണ്. രജനീകാന്തിൻ്റെ പുതിയ ചിത്രമായ ‘ജയിലർ 2’ കാണാൻ ഒരു തിയറ്റർ മുഴുവനായി ബുക്ക് ചെയ്താണ് സഞ്ജു സാംസൺ ഞെട്ടിച്ചത്. ‘‘എനിക്ക് രജനി സാറിന്റെ സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്, അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിനായി ഞാൻ എപ്പോഴും കാത്തിരിക്കാറുണ്ട്. യഥാർഥത്തിൽ ഞാൻ ഒരു ദിവസം വൈകിയാണ് സിനിമ കാണുന്നത്. അദ്ദേഹത്തിന്റെ പരമാവധി സിനിമകൾ കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്നലെ ഡൽഹിയിൽ ഞങ്ങൾക്ക് ഒരു പരിപാടി ഉണ്ടായിരുന്നതിനാലാണ് എനിക്ക് ചിത്രം കാണാൻ സാധിക്കാതെ പോയത്.’’– സഞ്ജു പറഞ്ഞു. 15ന് ഏഷ്യൻ ഗെയിംസ് താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിക്കുന്ന ചടങ്ങിൽ സഞ്ജുവും പങ്കെടുത്തിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ 2023ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായ ‘ജയിലറിന്റെ’ രണ്ടാം ഭാഗമാണ്. മലയാളി താരമായ സുരാജ് വെഞ്ഞാറമൂടാണ് സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പർതാരം മോഹൻലാൽ അതിഥി താരമായും എത്തുന്നുണ്ട്. മികച്ച പ്രതികരണം ലഭിക്കുന്ന സിനിമ, ആഗോള ബോക്സ് ഓഫിസിൽ വമ്പൻ കലക്‌ഷനുമായി മുന്നേറുകയാണ്.


Auto ⏭️

Back to top button