NEWS
2 വയസ്സുകാരന്റെ മരണം: പണത്തിനായി വാതിലുകളും ജനലുകളും പൊളിച്ചു മാറ്റിയ വീട്; സ്വയം ഉരുകിയിട്ടും നാലുകുരുന്നുകൾക്ക് ജീവനേകി പതിനൊന്നുകാരി

ഹരിപ്പാട് ∙ കുട്ടികളിലൊരാൾ തെരുവുവിളക്കിന്റെ വെളിച്ചത്തിൽ മറിച്ചു നോക്കിയ പാഠപുസ്തകം മുഷിഞ്ഞ തുണികൾക്കു സമീപം നിലത്തു കിടപ്പുണ്ട്, പണ്ടെന്നോ സ്കൂളിൽ പോയതിന്റെ ബാക്കിപത്രംപോലെ. മൂക്കുപൊത്താതെ മുറികളിലേക്കു പ്രവേശിക്കാൻ സാധിക്കില്ല. ഒരുമുറിയിലും വെളിച്ചമില്ല.പണത്തിനായി വാതിലുകളും ജനലുകളും പൊളിച്ചു മാറ്റിയ വീട്ടിലാണ് പോഷകാഹാരക്കുറവുമൂലം മരിച്ച രണ്ടുവയസ്സുകാരനും കുടുംബവും ജീവിച്ചിരുന്നത്. ഏതുനിമിഷവും ഇടിഞ്ഞുപൊളിഞ്ഞ് വീഴാവുന്ന നിലയിലാണ് വീട്. നാലു പെൺകുട്ടികളും അമ്മയും അടങ്ങുന്ന കുടുംബം ഉപയോഗിച്ചിരുന്ന ശുചിമുറി മറച്ചിരുന്നത് തുണി ഉപയോഗിച്ചാണ്.അമ്മ താരയും അച്ഛൻ രാജേഷും പലപ്പോഴും രാത്രിയിൽ പുറത്തുപോയി മദ്യപിക്കുമെന്നും ഈസമയം വീട്ടിൽ മക്കൾ ഒറ്റയ്ക്കാണെന്നും അയൽവാസികൾ പറയുന്നു. അമ്മ പകൽ ബോധരഹിതയായി കിടന്നുറങ്ങുമ്പോൾ കുഞ്ഞിനെ കുളിപ്പിക്കുന്നതും ഭക്ഷണംനൽകുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്നത് 11 വയസ്സുള്ള മൂത്ത കുട്ടിയാണ്. മരണപ്പെട്ട അന്ന് രാത്രി മൂത്ത കുട്ടിയുടെ കൂടെ കിടത്തിയിരുന്ന കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
Fashion ⏭️




