SPORTS

ഇന്ത്യയുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിയ ‘ഹോപ്’, ഗെയിലിനെയും പിന്നിലാക്കി; സഞ്ജുവിന്റെ മിന്നൽത്തുടക്കം മുതലാക്കാനാകാതെ ഇന്ത്യ


ഹൈദരാബാദ് ∙ കരീബിയൻ കൈക്കരുത്തിനു മുന്നിൽ ഇന്ത്യയ്ക്ക് അടിപതറി. പരമ്പര സ്വന്തമാക്കാനുറച്ചിറങ്ങിയ ഇന്ത്യൻ നിരയുടെ ‘ഹോപ്’ തകർത്തത് ഷായ് ഹോപ്! നായകൻ ഹോപ് മുന്നിൽനിന്നു നയിച്ച നാലാം ട്വന്റി20 മത്സരത്തിൽ വെസ്റ്റിൻഡീസിന് 24 റൺസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ്, ഹോപ്പിന്റെ (50 പന്തിൽ 102*) അപരാജിത സെഞ്ചറി മികവിൽ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് നേടി. മറുപടി ഇന്നിങ്സിനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയെ 5 വിക്കറ്റ് നേട്ടവുമായി വിൻഡീസ് പേസർ കീമോ പോൾ എറിഞ്ഞിട്ടു. 19.3 ഓവറിൽ 10ന് 223 റൺസിന് ഇന്ത്യ ഓൾഔട്ടായി. ഇതോടെ 5 മത്സരങ്ങളുടെ പരമ്പര 2–2 സമനിലയായി. 17ന് ബെംഗളൂരുവിലാണ് നിർണായകമായ അവസാന മത്സരം.സ്കോർ: വിൻഡീസ് 20 ഓവറിൽ 3ന് 247. ഇന്ത്യ 20 ഓവറിൽ 10ന് 223.കൂറ്റൻ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് അർധ സെഞ്ചറി നേടിയ സഞ്ജു സാംസൺ മികച്ച തുടക്കമാണ് നൽകിയത്. 4 സിക്സും 6 ഫോറും അടക്കം 23 പന്തിൽ 56 റൺസ് നേടിയ സഞ്ജു ഇന്ത്യയ്ക്ക് വിജയ പ്രതീക്ഷ നൽകി. എന്നാൽ, കീമോ പോൾ 5–ാം ഓവറിൽ സഞ്ജുവിനെ ഷിമ്രോൺ ഹെറ്റ്മെയറുടെ കയ്യിലെത്തിച്ചു. പിന്നാലെയെത്തിയ ഇഷാൻ കിഷനും (6) ക്യാപ്റ്റൻ ശ്രേയസ് അയ്യരും (16) പെട്ടെന്ന് മടങ്ങി. അഭിഷേക് ശർമയ്ക്ക് സ്കോറിങ്ങിന്റെ വേഗം കൂട്ടാൻ സാധിക്കാതെ വന്നതോടെ ഇന്ത്യ പരാജയം മണത്തു. നേരത്തെ, ഹോപ്പും ജ്യുവൽ ആൻഡ്രൂവും ചേർന്ന് വിൻഡീസിനു നൽകിയതു വെടിക്കെട്ട് തുടക്കം. ഓപ്പണർമാർ ബോളർമാരെ അടിച്ചൊതുക്കാൻ തുടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഇരുവരും ചേർന്ന് 26 പന്തിൽ നേടിയത് 52 റൺസ്. 5–ാം ഓവറിൽ ആൻഡ്രൂവിനെ (16 പന്തിൽ 21) വിക്കറ്റിനു മുന്നിൽ കുരുക്കി അക്ഷർ പട്ടേൽ ഇന്ത്യയ്ക്കു പ്രതീക്ഷ നൽകി. എന്നാൽ, പിന്നാലെയെത്തിയ ഷിമ്രോൺ ഹെറ്റ്മെയർ അതേ ശൈലിയിൽ ബാറ്റ് വീശിയതോടെ വിൻഡീസ് സ്കോർ കുതിച്ചു. 9–ാം ഓവറിൽ പ്രിൻസ് യാദവിന്റെ പന്തിൽ ഹെറ്റ്മെയറിന്റെ (12 പന്തിൽ 33) വിക്കറ്റ് വീഴുമ്പോഴേക്കും വിൻഡീസ് സ്കോർ 110ൽ എത്തിയിരുന്നു.


Auto ⏭️

Back to top button