അനധികൃത സ്വത്ത് സമ്പാദനക്കേസ്; ടോമിൻ തച്ചങ്കരി ജയിലിൽ നിന്ന് പുറത്തേക്ക്, ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

മുൻ ഡിജിപി ടോമിൻ തച്ചങ്കരി
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് ആശ്വാസ വിധി. കോട്ടയം വിജിലൻസ് കോടതി വിധിച്ച നാല് വർഷത്തെ തടവുശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്ന തച്ചങ്കരിയുടെ ഹർജിയിലാണ് ഈ അനുകൂല ഉത്തരവ്. തനിക്കെതിരായ ശിക്ഷ റദ്ദാക്കണം എന്നായിരുന്നു തച്ചങ്കരിയുടെ പ്രധാന ആവശ്യം. അതിനുമുന്നേ ശിക്ഷ മരവിപ്പിക്കണമെന്ന ഹർജി പരിഗണിക്കണമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഇതോടെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് അദ്ദേഹത്തിന് പുറത്തിറങ്ങാൻ സാധിക്കും.
ജസ്റ്റിസ് എ. ബദറുദ്ദീൻ അദ്ധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. 2003 മതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് അഴിമതിയിലൂടെ സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. ഈ വർഷം സെപ്തംബർ 17നാണ് കോട്ടയം വിജിലൻസ് കോടതി ടോമിൻ തച്ചങ്കരിക്കെതിരായ ശിക്ഷ വിധിച്ചത്, അതേസമയം, അന്വേഷണ ഉദ്യോഗസ്ഥർ വരുമാനം കണക്കാക്കിയതിൽ വലയ പിഴവുകൾ വരുത്തിയെന്നും തന്നെ കള്ളക്കേസിൽ കുടുക്കിയെന്നുമായിരുന്നു ടോമിൻ തച്ചങ്കരിയുടെ വാദം.
കുടുംബപരമായി ലഭിച്ച സ്വത്താണ് താൻ കൈവശം വച്ചതെന്നും യാതൊരു വിധത്തിലുള്ള അഴിതിയും താൻ നടത്തിയിട്ടില്ലെന്നും വരുമാന സ്രോതസുകൾ പലതും അന്വേഷണ സംഘം പരിഗണിച്ചില്ലെന്നും തച്ചങ്കരി ആരോപിച്ചു. പുനഃരന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഹൈക്കോടതി അത് റദ്ദാക്കിയിരുന്നു. ഇത്തരത്തിലുള്ള അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള വിധി നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. എസ്. രാജീവ് മുഖേന തച്ചങ്കരി അപ്പീൽ സമർപ്പിച്ചത്. ഏതു സാഹചര്യത്തിലായാലും അമിതമായ ശിക്ഷയാണ് നൽകിയതെന്നാണ് അപ്പീലിൽ പരാമർശിച്ചിരുന്നത്.
RELATED TOPICS: TOMIN THACHANKARY, TOMIN THACHANKARY CASE, KERALA HIGH COURT, DISPROPORTIONATE ASSETS CASE
Read News ⏭️




