NEWS
വീണ്ടും ‘അംബാനി മാജിക്ക്’, ഗ്രേ മാർക്കറ്റിൽ ജിയോ ഓഹരിക്ക് വൻ ഡിമാൻഡ്, രാജ്യത്തെ ഏറ്റവും വലിയ ഐപിഒ 21 മുതൽ

കൊച്ചി∙ റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 21ന് ആരംഭിക്കും. 23 വരെ ഓഹരികൾക്കായി അപേക്ഷിക്കാം. ഓഹരികൾ ലഭിച്ചിട്ടുണ്ടോയെന്ന് 26ന് അറിയാനാകും. 28ന് കമ്പനി നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും. 1065-1119 രൂപയാണ് പ്രൈസ് ബാൻഡ്. 30,213 കോടി രൂപ സമാഹരിക്കാനാണു ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയി ഇതു മാറും. ഓഹരിയൊന്നിന് 10 രൂപ മുഖവിലയുള്ള 27 കോടി വരെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുന്നത്. ജീവനക്കാർക്കായി 500 കോടി രൂപയുടെ ഓഹരികളും റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി ഉടമകൾക്കായി 2,500 കോടിയുടെ ഓഹരികളും മാറ്റിവച്ചിട്ടുണ്ട്.രാജ്യത്തെ ഏറ്റവും വലിയ ഐപിഒയിലൂടെ 30,213 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്ന ജിയോ പ്ലാറ്റ്ഫോംസിലുള്ള തങ്ങളുടെ ഓഹരികൾ ഗൂഗിളും മെറ്റയുമടക്കമുള്ള വൻകിട നിക്ഷേപകർ വിൽക്കില്ല. ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) നടത്താതെ 27 കോടി പുതിയ ഇക്വിറ്റി ഓഹരികൾ പുറത്തിറക്കുന്നതാണ് ജിയോയുടെ ഐപിഒ. ഇവർക്ക് നിലവിലെ ഓഹരിവിഹിതം വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്നും റിപ്പോർ്ടുകളുണ്ട്. ടെക് കമ്പനികളെ കൂടാതെ പ്രമുഖ ആഗോള നിക്ഷേപകരും വെൽത്ത് ഫണ്ടുകളുമെല്ലാം ജിയോയിലെ നിക്ഷേപകരാണ്. ജിയോ പ്ലാറ്റ്ഫോംസിൽ മെറ്റയുടെ ജാദു ഹോൾഡിങ്സിന് 9.98 ശതമാനവും ഗൂഗിൾ ഇന്റർനാഷനലിന് 7.73 ശതമാനവും ഓഹരിയുണ്ട്. റിലയൻസ് ഇൻഡസ്ട്രീസിന് ജിയോ പ്ലാറ്റ്ഫോംസിലുള്ള ഓഹരി പങ്കാളിത്തം 66.43 ശതമാനമാണ്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട്, ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ കെകെആർ ഗ്രൂപ്പ്, വിസ്റ്റ ഇക്വിറ്റി പാർട്നേഴ്സ് എന്നിവർക്ക് ജിയോയിൽ 2.31% വീതം ഓഹരികളുണ്ട്. സിൽവർ ലേക്ക്, യുഎഇ ആസ്ഥാനമായുള്ള മുബദല, ജനറൽ അറ്റ്ലാന്റിക്, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ടിപിജി തുടങ്ങിയവയാണ് മറ്റ് പ്രധാന നിക്ഷേപകർ. ഗ്രേ വിപണിയിൽ ‘അംബാനി’ പ്രീമിയം ജിയോ ഐപിഒ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, റിലയൻസ് ജിയോ പ്ലാറ്റ്ഫോംസിന്റെ ഗ്രേ മാർക്കറ്റ് വ്യാപാരം സജീവമായി. അനൗദ്യോഗിക വിപണിയിൽ ഓഹരിയൊന്നിന് റിപ്പോർട്ട് ചെയ്യപ്പെട്ട വിലയെക്കാൾ 200 മുതൽ 220 രൂപ വരെ അധിക നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇത് ഉയർന്ന വില പരിധിയിൽ നിന്ന് 15–18 ശതമാനത്തിലേറെ നേട്ടത്തിലുള്ള ലിസ്റ്റിങ് സൂചിപ്പിക്കുന്നതാണ്. ജിയോ പ്ലാറ്റ്ഫോംസ് ഓഹരിയൊന്നിന് 1,065 മുതൽ 1,119 രൂപ വരെയാണ് പ്രൈസ് ബാൻഡ്. ഇതുവഴി കമ്പനിയുടെ മൂല്യം ഏകദേശം 10.3 ലക്ഷം കോടി ഡോളറാകും. 1300–1400 രൂപയിലായിരിക്കും ലിസ്റ്റിങ്ങെന്നാണു നിലവിലെ സൂചനയെങ്കിലും സ്ഥാപന നിക്ഷേപകരുടെ താൽപര്യം, ആങ്കർ ബുക്ക് വിവരങ്ങൾ എന്നിവ വരുമ്പോൾ ഈ നിരക്കുകളിൽ പെട്ടെന്ന് മാറ്റങ്ങൾ വരാം. 10 വർഷം മുൻപ് ആരംഭിച്ച ടെലികോം സേവന കമ്പനി ഐപിഒയിൽ എത്തിനിൽക്കുമ്പോൾ ആഗോള വിപണിക്ക് സാങ്കേതികവിദ്യ നൽകുന്ന വമ്പൻ ടെക് പ്ലാറ്റ്ഫോമായി വളർന്നിട്ടുണ്ട്. ഈ ‘റിലയൻസ്’ ഘടകമാണ് ഐപിഒയ്ക്കു മുൻപേ തന്നെ നിക്ഷേപകരെ ജിയോ ഓഹരിയിലേക്ക് ആകർഷിക്കുന്നത്. സമാഹരിക്കുന്ന തുകയിൽ നിന്ന് 27,500 കോടി വരെ കടങ്ങൾ തിരിച്ചടയ്ക്കാൻ ഉപയോഗിക്കുമെന്ന് കരട് രേഖകൾ വ്യക്തമാക്കുന്നു. പ്രധാനമായും റിലയൻസ് ജിയോ ഇൻഫോകോമുമായി ബന്ധപ്പെട്ട കടങ്ങൾ വീട്ടാനാണ് ഇത്. ബാക്കി തുക പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കും. ജിയോ പ്ലാറ്റ്ഫോംസിന്റെയും റിലയൻസ് ജിയോ ഇൻഫോകോമിന്റെയും ചെയർമാൻ ആകാശ് എം. അംബാനിയാണ്. അമേരിക്ക, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ ജിയോ ഐപിഒയ്ക്കു മുന്നോടിയായി റോഡ്ഷോകൾ പൂർത്തിയാക്കി. ആകാശ് അംബാനിയും ഇഷ അംബാനിയും നിക്ഷേപകരുമായി കൂടിക്കാഴ്ചകളും നടത്തി. മൊബൈൽ സേവനങ്ങൾ, ഫിക്സഡ് ബ്രോഡ്ബാൻഡ്, ക്ലൗഡ്, എന്റർടെയ്ൻമെന്റ്, എന്റർപ്രൈസ് ടെക്നോളജി, എഐ സേവനങ്ങൾ എന്നിവയുൾപ്പെടെ റിലയൻസിന്റെ ടെലികോം, ഡിജിറ്റൽ ബിസിനസുകൾ ജിയോ പ്ലാറ്റ്ഫോംസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. മാർച്ച് മാസത്തെ കണക്കനുസരിച്ച് കമ്പനിക്ക് ഏകദേശം 52.4 കോടി വരിക്കാരുണ്ട്. ലിസ്റ്റിങ് പൂർത്തിയായാൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയ്ക്ക് പിന്നാലെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനികളുടെ പട്ടികയിലേക്ക് ജിയോ എത്തും.
Fashion ⏭️




