NEWS

നവതി ആഘോഷിച്ച് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നവതി ആഘോഷം കണിച്ചുകുളങ്ങരയിലെ വസതിയിൽ നടന്നു. എറണാകുളം സ്വദേശിയായ ആത്മസുഹൃത്ത് പി.ജെ. മാത്യു സമ്മാനിച്ച കേക്ക് ഭാര്യ പ്രീതി നടേശനൊപ്പം ചേർന്നു മുറിച്ചായിരുന്നു ആഘോഷം.

ആദ്യ കഷ്ണം കേക്ക് വെള്ളാപ്പള്ളി സമ്മാനിച്ചതും എസ്.എൻ ട്രസ്റ്റ് ഡയറക്‌ടർ ബോർഡംഗവും തൃശൂർ സി.എഫ്.ഐ കോളേജ് ഒഫ് ലാ ഡയറക്ടറുമായ പി.ജെ. മാത്യുവിനാണ്. വീട്ടുമുറ്റത്തെ ഹോമകുണ്ഡത്തിലെ പൂജയ്ക്കിടയിൽ നിന്നിറങ്ങി വന്ന് ഇന്നലെ രാവിലെ പത്തരയോടെയാണ് വെള്ളാപ്പള്ളിയും ഭാര്യയും ചേർന്ന് കേക്ക് മുറിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എസ്.എൻ.ഡി.പി യൂണിയൻ പ്രതിനിധികളും സാമൂഹിക സാംസ്കാരിക രംഗത്തുനിന്നുള്ളവരും ആശംസകളുമായി എത്തിയിരുന്നു.

89 വർഷം പിന്നിട്ട് തൊണ്ണൂറിലേക്ക് പ്രവേശിക്കുമ്പോൾ താൻ സന്തുഷ്ടനും സംതൃപ്തനുമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സിംഹത്തിന്റെ വെങ്കല പ്രതിമയാണ് കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ പിറന്നാൾ സമ്മാനം. വിവിധ യൂണിയനുകളിൽ നിന്ന് കൃഷ്ണവിഗ്രഹം, തലപ്പാവ്, ഛായാചിത്രങ്ങൾ, പൊന്നാട തുടങ്ങിയവ സമ്മാനിച്ചു. കൊച്ചി യൂണിയന്റെ നേതൃത്തിൽ നിർദ്ധനയുവതി ഷൈജയ്ക്ക് നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽദാനവും പിറന്നാൾ വേദിയിൽ വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പം നൽകിയാണ് ആശംസകളുമായി എത്തിയവരെ സ്വീകരിച്ചത്. രണ്ടു തരം പായസമുൾപ്പടെ വിഭവസമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു.

Read News ⏭️

Back to top button