കോട്ടയം മെഡിക്കൽ കോളേജ് സർജിക്കൽ ബ്ലോക്ക്: വെന്റിലേഷൻ സൗകര്യമില്ലാത്തത് കെട്ടിട കൈമാറ്റത്തിന് തടസ്സമാകുന്നു

കോട്ടയം: സർജിക്കൽ ബ്ലോക്കിലെ അപാകതകൾ പൂർണമായി പരിഹരിച്ച ശേഷം മാത്രം കെട്ടിടം ഏറ്റെടുത്താൽ മതിയെന്ന മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട് ശരിവെക്കുന്ന തരത്തിൽ കാര്യങ്ങൾ നീങ്ങുന്നു. കെട്ടിടത്തിലെ പോരായ്മകൾ പൂർണമായി തീർക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്നും ഉടൻ തന്നെ കെട്ടിടം ഏറ്റെടുക്കണമെന്നുമാണ് കിഫ്ബി ടെക്നിക്കൽ കമ്മിറ്റി ചെയർമാന്റെ വിചിത്രമായ ആവശ്യം. ഓഗസ്റ്റിൽ നടന്ന സംയുക്ത പരിശോധനയ്ക്കും തുടർന്ന് നടന്ന അവലോകന യോഗത്തിലുമാണ് ഇത്തരമൊരു നിർദേശം ഉയർന്നത്. എന്നാൽ, നിലവിലുള്ള സുരക്ഷാ വീഴ്ചകൾ പരിഹരിക്കാതെ ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് മെഡിക്കൽ കോളജ് അധികൃതർ.
നിർമാണത്തിലെ ഗുരുതരമായ പിഴവുകൾ ഔദ്യോഗിക പരിശോധനയിൽ വ്യക്തമായിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറാകുന്നില്ല. എച്ച്എൽഎല്ലിന്റെ ഉപസ്ഥാപനമായ ഹൈറ്റ്സ് ഏജൻസിക്കാണ് നിർമാണ കരാർ നൽകിയിരുന്നതെങ്കിലും, യഥാർത്ഥത്തിൽ ജോലികൾ നിർവഹിച്ചത് ജഗൻ കൺസ്ട്രക്ഷൻ എന്ന സ്വകാര്യ കമ്പനിയാണെന്ന വെളിപ്പെടുത്തൽ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
ശുചിമുറികളിലെ ഡ്രെയ്നേജ് തകരാർ, അഗ്നി സുരക്ഷാ ക്രമീകരണങ്ങളിലെ പോരായ്മകൾ, ലിഫ്റ്റ് ഇലക്ട്രിക്കൽ ബോർഡിലേക്ക് വെള്ളം ഒലിച്ചിറങ്ങുന്നത്, യുപിഎസ്-നെറ്റ്വർക്കിങ് തകരാറുകൾ, എസിയിലെ ഹെപ്പ ഫിൽറ്ററുകൾ മാറ്റേണ്ട അവസ്ഥ എന്നിങ്ങനെ നീളുന്നതാണ് നിർമാണത്തിലെ അപാകതകൾ. അഗ്നി സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈമാറ്റത്തിന് മുൻപ് പരിഹരിക്കാമെന്ന് ഹൈറ്റ്സ് വാഗ്ദാനം നൽകിയിരുന്നു. കൂടാതെ, ഉപകരണങ്ങളുടെയും ഹൗസ് കീപ്പിങ്ങിന്റെയും അപര്യാപ്തതകൾ പരിഹരിക്കാനും നിർദേശമുണ്ടായിരുന്നു. ഒക്ടോബറോടെ കെട്ടിടം കൈമാറാനായിരുന്നു സംയുക്ത യോഗത്തിലെ തീരുമാനമെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് അസാധ്യമാണ്.
കഴിഞ്ഞദിവസം കെട്ടിടത്തിൽ ഉണ്ടായ ഇടിഞ്ഞുവീഴലും വൈദ്യുതി തടസ്സവും വെള്ളക്കെട്ടും മെഡിക്കൽ കോളജ് അധികൃതരുടെ ആശങ്കകൾ അസ്ഥാനത്തല്ലെന്ന് തെളിയിക്കുന്നതായി. പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാതെ കെട്ടിടം ഏറ്റെടുത്താൽ വലിയ അപകടങ്ങൾ സംഭവിക്കുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ പുറത്തുവരുന്നത്.




