NEWS

ഗാസയിൽ 6 നില കെട്ടിടം നിലംപരിശായി; രണ്ട് തവണ ഇസ്രയേൽ ആക്രമിച്ച കെട്ടിടം, 5 കുട്ടികൾ ഉൾപ്പെടെ മരിച്ചത് 20 പേർ


ഗാസ സിറ്റി ∙ തുടർച്ചയായ രണ്ട് വർഷം ഇസ്രയേൽ ആക്രമണം നടത്തിയ കെട്ടിടം തകർന്നുവീണ് 5 കുട്ടികൾ ഉൾപ്പെടെ 20 പേർ മരിച്ചു. ഗാസ സിറ്റിയിലെ തൽ അൽ-ഹവ പ്രദേശത്തുള്ള ആറ് നില കെട്ടിടം തകർന്നുവീണാണ് വൻ ദുരന്തമുണ്ടായത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഡസൻ കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. ഹമാസ് ഭരണകൂടത്തിനു കീഴിലുള്ള സിവിൽ ഡിഫൻസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, ഓരോ നിലയിലും നാല് അപ്പാർട്ടുമെന്റുകൾ വീതമുള്ള വലിയ കെട്ടിടം രാത്രിയിലാണ് സമീപത്തെ വീടുകളിലേക്കും അഭയാർഥി കൂടാരങ്ങളിലേക്കും തകർന്നു വീണത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ മാറ്റാൻ ഈജിപ്ഷ്യൻ പതാകകൾ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രങ്ങളും രക്ഷാപ്രവർത്തകരും സന്നദ്ധപ്രവർത്തകരും ചേർന്ന് തീവ്രശ്രമം നടത്തുന്നുണ്ട്. 2024ലും 2025 മാർച്ചിലും ഈ കെട്ടിടത്തിനു നേരെ ഒന്നിലധികം തവണ ഇസ്രയേൽ ആക്രമണം ഉണ്ടായിരുന്നുവെന്നും, അതിനാൽ ഇവിടേക്ക് മടങ്ങിവരരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസൽ പറഞ്ഞു. എന്നാൽ മറ്റ് അഭയകേന്ദ്രങ്ങളോ കൂടാരങ്ങളോ ലഭ്യമല്ലാത്തതിനാൽ അപകടസാധ്യത അവഗണിച്ചും തകർന്ന കെട്ടിടങ്ങളിൽ താമസിക്കാൻ ഗാസയിലെ ജനങ്ങൾ നിർബന്ധിതരാവുകയായിരുന്നു. 


Fashion ⏭️

Back to top button