കോട്ടയം മെഡിക്കൽ കോളജ്: റേഡിയേഷൻ മെഷീൻ തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തിക്കും

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് നിർത്തിവെച്ച റേഡിയേഷൻ മെഷീന്റെ പ്രവർത്തനം ഇന്നു മുതൽ വീണ്ടും ആരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആശുപത്രിയിലുണ്ടായിരുന്ന രണ്ട് യന്ത്രങ്ങളിൽ ഒരെണ്ണം തകരാറിലായത്. അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഇന്ന് വൈകുന്നേരത്തോടെ മെഷീൻ പ്രവർത്തനം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു യന്ത്രത്തിലൂടെ ദിവസവും അമ്പതോളം രോഗികൾക്കാണ് ഇവിടെ റേഡിയേഷൻ നൽകി വരുന്നത്.
ഏകദേശം രണ്ട് കോടിയോളം രൂപയുടെ വാർഷിക പരിപാലന കരാർ (എഎംസി) തുക കുടിശികയായതാണ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണി വൈകാൻ കാരണമായത്. തുടർന്ന് ആശുപത്രി അധികൃതരും ബന്ധപ്പെട്ട കമ്പനിയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് അറ്റകുറ്റപ്പണികൾക്ക് വഴിയൊരുങ്ങിയത്. ഇതിനിടെ, ഇരുപത്തിയെട്ട് കോടി രൂപ ചെലവിൽ അത്യാധുനിക റേഡിയേഷൻ മെഷീൻ സ്ഥാപിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
റേഡിയേഷൻ വിഭാഗത്തിൽ നിന്ന് വർഷം തോറും ആറ് കോടി രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. ഈ തുക മുഴുവനായും ആശുപത്രി വികസന സൊസൈറ്റി (എച്ച്ഡിഎസ്) ഫണ്ടിലേക്കാണ് മാറ്റുന്നത്. എന്നാൽ, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള തുക നീക്കിവെച്ച ശേഷം ബാക്കി തുക മാത്രം എച്ച്ഡിഎസ് ഫണ്ടിലേക്ക് നൽകുകയാണെങ്കിൽ ഇത്തരത്തിലുള്ള സാങ്കേതിക തടസ്സങ്ങളും കരാർ കുടിശികയും ഒഴിവാക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിർദ്ദേശം വരും മൂന്നാം തീയതി ചേരുന്ന എച്ച്ഡിഎസ് യോഗത്തിൽ ചർച്ച ചെയ്തേക്കും.




