സിപിഎമ്മിൽ വീണ്ടും ഗ്രൂപ്പിസത്തിന്റെ കാലം? ശിവൻകുട്ടിയെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത് ബ്രിട്ടാസിനെ വെട്ടാൻ

ശിവൻകുട്ടി, ജോൺബ്രിട്ടാസ്
തിരുവനന്തപുരം: നീണ്ട ഒരു കാലത്തിനുശേഷം സിപിഎമ്മിൽ വീണ്ടും ഗ്രൂപ്പിസം ശക്തമാകുന്നു എന്ന സൂചനയാണ് ഇന്നലത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടന വ്യക്തമാക്കുന്നത്. വിഎസ് അച്യുതാനന്ദൻ പക്ഷത്തെ തുടച്ചുനീക്കി പിണറായി വിജയൻ പാർട്ടി പൂർണമായും തന്റെ കൈപ്പിടിയിൽ ഒതുക്കിയതോടെ എതിർ ശബ്ദങ്ങളില്ലാതെയായി.
എല്ലാ പാർട്ടി അംഗങ്ങൾക്കും പിണറായി കാരണഭൂതനായി, അല്ലെങ്കിൽ അങ്ങനെ ആക്കിയെടുത്തു. വരുതിക്കുവരാത്തവരെ പടിയടച്ച് പിണ്ഡംവച്ചു. മറ്റുചിലരെ ഒതുക്കി മൂലയ്ക്കിരുത്തി. അങ്ങനെ പാർട്ടിയെന്നാൽ പിണറായി മാത്രമായി. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയതോടെ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു. ഒപ്പം നിന്നവർ പോലും പിണറായിക്കെതിരായി. വിപുലീകൃത സംസ്ഥാനസമിതി കൂടുന്നതിലേക്കും പുനഃസംഘടനയിലേക്കുംവരെ അതെത്തി.
സംസ്ഥാന സെക്രട്ടേറിയറ്റിൽ വി ശിവൻകുട്ടിയെ ഉൾപ്പെടുത്തിയത് ജോൺബ്രിട്ടാസിനെ ഒതുക്കാനായി പിണറായി വിരുദ്ധചേരി കളിച്ച കളിയാണെന്നാണ് റിപ്പോർട്ട്. പുതുതായി ഉൾപ്പെടുത്തുന്ന മൂന്നിൽ ഒരാൾ ബ്രിട്ടാസ് ആയിരിക്കണമെന്ന് പിണറായി പക്ഷം കടുത്ത നിലപാടെടുത്തു. അതോടെ ഇതുതടയാൻ പുതുചേരി പുതിയ അടവെടുത്തു. മൂന്നിൽ ഒരാൾ ശിവൻകുട്ടിയാകണമെന്ന് അവരും തീരുമാനിച്ചു. അവരുടെ നിലപാട് വിജയിച്ചു.
അതോടെ എംബി രാജേഷിനും പി ജയരാജനുമൊപ്പം വി ശിവൻകുട്ടിയും സെക്രട്ടേറിയറ്റിലെത്തി. ജോൺബ്രിട്ടാസ് സെക്രട്ടേറിയറ്റിൽ ക്ഷണിതാവാക്കി. ജില്ലാകമ്മറ്റികളിലും അഴിച്ചുപണി ഉടൻ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്. ഇതിൽ കാര്യമായ അഴിച്ചുപണിയുണ്ടാവുക കണ്ണൂരിലായിരിക്കും. പലരുടെയും തലകൾ ഉരുണ്ടേക്കുമെന്നാണ് അറിയുന്നത്.
പിണറായി -എം.വി.ഗോവിന്ദൻ അച്ചുതണ്ടിനേറ്റ പ്രഹരമാണ് അഴിച്ചുപണിയും നടപടിയും. സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ചെന്ന് പ്രവർത്തകർക്ക് ബോദ്ധ്യപ്പെടണമെന്ന് കേന്ദ്ര നേതൃത്വം നിലപാടെടുത്തു. സെക്രട്ടേറിയറ്റിൽ കാര്യക്ഷമമായ ചർച്ച നടക്കണം. നേതൃത്വം പറയുന്നത് മാത്രം അനുസരിച്ച്, വിമർശനം നടത്താതെ മുന്നോട്ട് പോകുന്നത് സംഘടനയെ ദുർബലമാക്കും. എം.എ.ബേബി ഉൾപ്പെടെ പിന്തുണ നൽകിയതോടെ അതൃപ്തിയുള്ളവരെല്ലാം ഒരു കുടക്കീഴിലെത്തി. കണ്ണൂർ ജില്ലാ കമ്മിറ്റി ഉയർത്തിയ രൂക്ഷവിമർശനം മറ്റു ജില്ലകളിലുള്ളവരും ഏറ്റെടുത്തതോടെ സംസ്ഥാന നേതൃത്വം ഒറ്റപ്പെടുകയായിരുന്നു.
RELATED TOPICS: CPM GROUPISM, V SIVANKUTTY, JOHN BRITTAS, CPM STATE SECRETARIAT, SIVAN KUTTY BRITAS
Read News ⏭️


