BUSINESS
പെട്രോൾ കാറുകളെ കടത്തിവെട്ടി സിഎൻജിയും ഇവിയും; ചരിത്രം ഗിയർ മാറ്റി, കേരളത്തിലും ‘ഇലക്ട്രിക്’ തരംഗം

ന്യൂഡൽഹി ∙ ചരിത്രത്തിലാദ്യമായി പാസഞ്ചർ വാഹനങ്ങളുടെ വിൽപനയിൽ പെട്രോളിനെ കടത്തിവെട്ടി ബദൽ ഇന്ധന വാഹനങ്ങൾ. ബദൽ ഇന്ധനങ്ങളുപയോഗിക്കുന്ന സിഎൻജി, ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ കൂടിച്ചേർന്ന് 41.95% വിപണി വിഹിതം നേടിയപ്പോൾ, പെട്രോൾ കാറുകളുടെ വിഹിതം 40.85 ശതമാനമായി ചുരുങ്ങി. ഒരു വർഷം മുൻപ് വരെ പെട്രോൾ വാഹനങ്ങൾ വിൽപനയിൽ 11 ശതമാനത്തിലധികം ലീഡ് നിലനിർത്തിയിരുന്ന സ്ഥാനത്താണ് ഈ മാറ്റം. സിഎൻജി (25.28%), ഹൈബ്രിഡ് (9.04%), ഇലക്ട്രിക് (7.63%) എന്നിങ്ങനെയാണ് വിപണി വിഹിതം. ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (ഫാഡ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരമാണിത്.റെക്കോർഡിട്ട് വാഹന വിൽപനകഴിഞ്ഞ ഓഗസ്റ്റിൽ യാത്രാ വാഹനങ്ങളുടെ വിൽപന 4 ലക്ഷം കടന്നു. ഓഗസ്റ്റ് മാസത്തെ ഏറ്റവും മികച്ച വിൽപനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. മുൻവർഷത്തെ അപേക്ഷിച്ച് 16.14% വർധന. രാജ്യത്തെ ആകെ വാഹന വിൽപന 17.51% ഉയർന്ന് 24,23,201 യൂണിറ്റിലെത്തി. ആകെ ഇലക്ട്രിക് വാഹന വിൽപന 2,98,448 യൂണിറ്റുകളിലെത്തി. ഇതോടെ വാഹന വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 12.3 ശതമാനമായി ഉയർന്നു.മറ്റ് വാഹനങ്ങളുടെ വിൽപന (2025 ഓഗസ്റ്റിനെ അപേക്ഷിച്ചുള്ള വർധന)∙ ഇരുചക്ര വാഹനങ്ങൾ: 17,14,610 (+19.69%) ∙ വാണിജ്യ വാഹനങ്ങൾ: 90,769 (+14.45%) ∙ ത്രീ വീലറുകൾ: 1,22,281(+8.64%) ∙ ട്രാക്ടറുകൾ: 87,977 (+0.84%)
Travel ⏭️


