TRAVEL

ചൂട് കോഫി മുതൽ ഷവർമ വരെ; ഇത് വിമാനത്തിലെ ബിസിനസ് ക്ളാസല്ല, നമ്മുടെ സ്വന്തം കെഎസ്ആർടിസി, വൈറലായി വീഡിയോ


വ്ലോഗറായ അജയ് ജോണി പങ്കുവച്ച വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ

വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി പുറത്തിറക്കിയ പുതിയ പ്രീമിയം ബസ് സർവീസ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പുതിയ ബസിന്റെ അകത്തെ ദൃശ്യങ്ങളും യാത്രക്കാർക്ക് വേണ്ടിയുള്ള സൗകര്യങ്ങളും ഉൾപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വ്ലോഗറായ അജയ് ജോണി പങ്കുവച്ച വീഡിയോയിലാണ് ബസിന്റെ പ്രീമിയം സൗകര്യങ്ങൾ കാഴ്ചക്കാർക്കായി പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം-കൊച്ചി റൂട്ടിലാണ് ഈ ബസ് സർവീസ് നടത്തുന്നത്. റൂട്ട് മാറുന്നതിനനുസരിച്ച് ഏകദേശം 200 മുതൽ 227 കിലോമീറ്റർ വരെയാണ് യാത്രാദൂരമെന്ന് വ്ലോഗിൽ വ്യക്തമാക്കുന്നു. ഇനി ബിസിനസ് ക്ളാസ് സൗകര്യം അന്താരാഷ്ട്ര വിമാനങ്ങളിൽ മാത്രമല്ല, കേരളത്തിലെ കെഎസ്ആർടിസി ബസുകളിലും ലഭിക്കും എന്നാണ് അജയ് വീഡിയോയിലൂടെ അഭിപ്രായപ്പെടുന്നത്.

യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഹോസ്റ്റസിന്റെ സേവനവും ബസിലുണ്ട്. ചൂടുള്ള പാനീയങ്ങളും ഷവർമ റോളും ഉൾപ്പെടെയുള്ള ലഘുഭക്ഷണങ്ങൾ യാത്രക്കാർക്ക് നൽകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ ബസിലെ ഏറ്റവും ശ്രദ്ധേയമായ സൗകര്യങ്ങളിലൊന്ന് അകത്തെ ശുചിമുറിയാണ്. ദീർഘദൂരയത്രക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന തരത്തിലാണ് ബസിനുള്ളിൽ വൃത്തിയുള്ള ശുചിമുറി ഒരുക്കിരിക്കുന്നത്.

‘കൂടുതൽ സുഖകരമായ യാത്ര ഉറപ്പാക്കുന്ന തരത്തിലാണ് ബസിന്റെ സീറ്റുകൾ ഒരുക്കിയിരിക്കുന്നത്. പ്രീമിയം ലെതർ സീറ്റുകൾക്കൊപ്പം ഓരോ സീറ്റിലും പ്രത്യേക എന്റർടെയ്ൻമെന്റ് സ്ക്രീനുകളും ഒരുക്കിയിട്ടുണ്ട്. യാത്രക്കാർക്കായി സൗജന്യ വൈഫൈ സൗകര്യവും ലഭിക്കും. മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും ചാർജ് ചെയ്യുന്നതിനായി സീറ്റുകളിൽ ചാർജിംഗ് പോർട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്.’- അജയ് വീഡിയോയിൽ പറയുന്നു.

സൗകര്യപ്രദമായ സീറ്റുകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ, സൗജന്യ വൈഫൈ, ചാർജിംഗ് സംവിധാനം, ലഘുഭക്ഷണങ്ങളും പാനീയങ്ങളും, വൃത്തിയുള്ള ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുടെ സംയോജനമാണ് ബസിനെ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാക്കിയത്. ഇന്ത്യൻ റെയിൽവേയിലെ ചീഫ് പ്രോജക്ട് മാനേജർ അനന്ത് രൂപനഗുഡിയും ഈ വീഡിയോ എക്സിൽ പങ്കുവച്ച് കെഎസ്ആർടിസിയുടെ സർവീസിനെ പ്രശംസിച്ചിട്ടുണ്ട്.


English Summary

Kerala’s KSRTC has introduced a premium bus service offering airline-like comforts on the Thiruvananthapuram-Kochi route. A viral video by vlogger Ajay Jony showcases leather seats, individual entertainment screens, free Wi-Fi, charging ports, a hostess service, hot beverages, shawarma rolls and an onboard restroom. The unique facilities have attracted attention on social media, with railway official Ananth Rupanagudi also praising the service.
RELATED TOPICS: KSRTC BUSINESS CLASS BUS, KSRTC LUXURY BUS KERALA, KSRTC PREMIUM BUS, KERALA KSRTC BUS, KSRTC SHAWARMA COFFEE


Business ⏭️

Back to top button