NEWS

സാമൂതിരി രാജ പി കെ  കേരളവർമ അന്തരിച്ചു

പി കെ കേരളവർമ

കോഴിക്കോട്: സാമൂതിരി രാജ കോഴിക്കോട് തിരുവണ്ണൂർ പുതിയ കോവിലകത്തെ പി കെ കേരളവർമ (89) അന്തരിച്ചു. കോഴിക്കോട് ചിന്താവളപ്പിലായിരുന്നു താമസം. ഫാർമക്കോളജി വിദഗ്ദ്ധനായിരുന്നു. ബിസിനസ് മികവിന് കേന്ദ്ര, സംസ്ഥാന സർക്കാർ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബലരാമവർമയുടെ മകനാണ്. അമ്മ ശ്രീദേവി വർമ സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജിക്ക് സ്വന്തം വള ഊരിക്കൊടുത്തിരുന്നു. മാറുമറയ്ക്കൽ സമരത്തിലും ശ്രീദേവി പങ്കെടുത്തിട്ടുണ്ട്.

ഇന്റർമീഡിയറ്റ് വരെ സാമൂതിരി കോളേജിലാണ് കേരള വർമ പഠിച്ചത്. തുടർന്ന് അഹമ്മദാബാദ് എൽ.എം കോളേജ് ഒഫ് ഫാർമസിയിൽ നിന്ന് ബിരുദം നേടി. മുംബയിൽ ജർമൻ റെമഡീസ് മരുന്ന് കമ്പനിയിൽ ജോലി ചെയ്തു. ശേഷം നാട്ടിലെത്തി മെഡിക്കൽ കോളേജിൽ നോൺ മെഡിക്കൽ ട്യൂട്ടറായി പ്രവർത്തിച്ചു. തുടർന്ന് നാർണ്യാത്ത് ഫാർമസ്യൂട്ടിക്കൽസ് എന്ന പേരിൽ സ്വന്തം മരുന്ന് നിർമാണ കമ്പനി തുടങ്ങി. കേന്ദ്ര സർക്കാരിന് കീഴിലുള്ള എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിലിൽ അംഗമായിരുന്നു. ഇക്കാലത്ത് ഒൻപത് രാജ്യങ്ങൾ സന്ദർശിച്ചു.

തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീ വർമയാണ് ഭാര്യ. മക്കൾ: സുനീത രാജ (ഡൽഹി), ഡോ. സുജിത് വർമ (കെ.എം.സി.ടി ഫാർമസി കോളേജ് പ്രിൻസിപ്പൽ). മരുമക്കൾ: കെ സി രവീന്ദ്ര രാജ, ദിവ്യ (അദ്ധ്യാപിക, കൊയിലാണ്ടി).

English Summary

P.K. Kerala Varma, 89, a distinguished pharmacologist and member of the Kozhikode Zamorin royal family, has passed away. He received central and state government awards for business excellence and founded Narniyath Pharmaceuticals. Varma had a notable career in the pharmaceutical industry and medical education, previously working with German Remedies and as a non-medical tutor.

Read News ⏭️

Back to top button