SPORTS

തൃശൂർ ടൈറ്റൻസ് ഉടമ കാറിൽ സൂക്ഷിച്ച ആ ‘സർപ്രൈസ്’ വെറുതെയായില്ല; ടീം ഗെയിമിന്റെ മികവിൽ ‘തൃശൂപ്പർ’!


തിരുവനന്തപുരം ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫൈനൽ മത്സരം കഴിഞ്ഞ് ചാംപ്യൻ പട്ടം ഏറ്റുവാങ്ങാനായി തൃശൂർ ടൈറ്റൻസ് ടീം ഗ്രൗണ്ടിലെത്തിയത് ‘ചാംപ്യൻസ്’ എന്നെഴുതിയ പുതിയ ടീം ജഴ്സി അണിഞ്ഞാണ് ! വെറ്ററൻസ് ക്രിക്കറ്റ് താരം കൂടിയായ ടീം ഉടമ സജാദ് സേഠ് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ തയാറാക്കിയ സർപ്രൈസ് ആയിരുന്നു ആ ടീഷർട്ട്. ആരോടും വെളിപ്പെടുത്താതെയാണ് ടീം അംഗങ്ങൾക്കായി അദ്ദേഹം ചാംപ്യൻസ് ടീഷർട്ട് മുൻകൂട്ടി തയാറാക്കി സ്വന്തം കാറിൽ സൂക്ഷിച്ചത്. ടീം ജയിച്ചതിനു പിന്നാലെ അത് ഡ്രസിങ് റൂമിൽ എത്തിക്കുകയായിരുന്നു.പേരുകേട്ട താരങ്ങൾ ഏറെയുണ്ടായിരുന്ന കാലിക്കറ്റിനെ ഫൈനലിൽ 4 വിക്കറ്റിന് തോൽപിച്ചാണ് തൃശൂർ ചാപ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം തൃശൂർ 6 വിക്കറ്റ് നഷ്ടത്തിൽ, 3 പന്ത് ബാക്കിനിൽക്കെ മറികടന്നു. അർധ സെഞ്ചറി നേടിയ 20 വയസ്സുകാരൻ അഹമ്മദ് ഇമ്രാന്റെ ഇന്നിങ്സ് (49 പന്തിൽ 69) ആണ് തൃശൂരിന് വിജയ വഴി ഒരുക്കിയത്. ഇമ്രാൻ തന്നെയായിരുന്നു കളിയിലെ താരവും.ജെൻ സീ വൈബ് ഓൾറൗണ്ടർ കാർത്തിക് ബി.നായർ, ബാറ്റർ കെ.എ.അരുൺ, ജോബിൻ ജോബി, പേസർമാരായ ശരത്ചന്ദ്ര പ്രസാദ്, ശ്രീഹരി നായർ, അബ്ദുൽ റമീസ്, ഇടംകൈ സ്പിന്നർ എം.യു.ഹരികൃഷ്ണൻ തുടങ്ങി കേരള ക്രിക്കറ്റിന് പ്രതീക്ഷ നൽകുന്ന ഒരുപിടി താരോദയങ്ങളുമായാണ് കെസിഎൽ മൂന്നാം സീസൺ അവസാനിച്ചത്.


Auto ⏭️

Back to top button