NEWS
ശബരിക്ക് മുൻപേ ദൻബാദെത്തും; തിരുവനന്തപുരം നോർത്ത് വരെയുള്ള ടൈംടേബിൾ ഉടൻ, സ്റ്റോപ്പുകൾ ഇവിടെയെല്ലാം

തിരുവനന്തപുരം ∙ ധൻബാദ് – ആലപ്പുഴ എക്സ്പ്രസ് വൈകാതെ തിരുവനന്തപുരം നോർത്തിലേക്ക് നീട്ടുന്നതോടെ ആലപ്പുഴ ഭാഗത്തു നിന്നു തിരുവനന്തപുരത്തേക്ക് മണിക്കൂറുകളോളം ട്രെയിനില്ലാത്ത പ്രശ്നത്തിനു പരിഹാരമാകും. ഇപ്പോൾ ആലപ്പുഴയിൽ നിന്ന് ഉച്ചയ്ക്ക് 1.50ന് നേത്രാവതി പോയി കഴിഞ്ഞാൽ തലസ്ഥാനത്തേക്കുള്ള അടുത്ത പ്രതിദിന ട്രെയിൻ വൈകിട്ട് 5.48നുള്ള ഏറനാട് എക്സ്പ്രസാണ്. ഉച്ചയ്ക്കു ശേഷം 3.15ന് ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുന്ന ധൻബാദ് എക്സ്പ്രസിൽ എത്തുന്നവർക്ക് അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ഭാഗത്തേക്കു തുടർയാത്രയ്ക്ക് വൈകിട്ട് 5.35നുള്ള കൊല്ലം മെമുവും മംഗളൂരു–തിരുവനന്തപുരം ഏറനാട് എക്സ്പ്രസുമാണ് ആശ്രയം. ധൻബാദ് നീട്ടുന്നതോടെ പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവർക്ക് പകൽ സമയം അധിക സർവീസ് ലഭ്യമാകും. തിരികെ പുലർച്ചെ തിരുവനന്തപുരത്തു നിന്നു എറണാകുളം, പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള ആദ്യ സർവീസായി ധൻബാദ് മാറും. തിരുവനന്തപുരത്തു നിന്നു രാവിലെ 6.45ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2ന് എത്തുന്ന ശബരി എക്സ്പ്രസാണ് കോയമ്പത്തൂർ യാത്രക്കാർ ഇപ്പോൾ പ്രധാനമായും ആശ്രയിക്കുന്നത്. ധൻബാദ് എക്സ്പ്രസ് രാവിലെ 10.30ന് പാലക്കാട്ടും ഉച്ചയ്ക്ക് 12.15ന് കോയമ്പത്തൂരിലും എത്തുമെന്നതാണ് നേട്ടം. ധൻബാദ് എക്സ്പ്രസിന്റെ തിരുവനന്തപുരം നോർത്ത് വരെയുള്ള ടൈംടേബിൾ വൈകാത റെയിൽവേ പ്രസിദ്ധീകരിക്കും. അമ്പലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി, കൊല്ലം, വർക്കല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകുമെന്നാണ് സൂചന.
Fashion ⏭️




