ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് തിരഞ്ഞെടുപ്പ്: സ്വാമി ശുഭാംഗാനന്ദ പക്ഷത്തിന് വിജയം

തിരുവനന്തപുരം: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ നിലവിലെ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ നേതൃത്വത്തിലുള്ള പക്ഷത്തിന് വിജയം. 2026-31 കാലയളവിലേക്കുള്ള 11 അംഗ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറുപേരും നിലവിലെ ഭരണസമിതി അംഗങ്ങളാണ്. അഞ്ചുപേർ പുതുമുഖങ്ങൾ. 56 അംഗങ്ങളിൽ 55 പേർ വോട്ട് രേഖപ്പെടുത്തി. 32 പേർ മത്സരരംഗത്തുണ്ടായിരുന്നു. പുതിയ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരെ 14 ദിവസത്തെ നോട്ടീസ് കാലാവധി കഴിഞ്ഞ് ബോർഡ് അംഗങ്ങൾ തിരഞ്ഞെടുക്കും.
ശിവഗിരിയിലെ ഗുരുധർമ്മ പ്രചാരണ സഭയുടെ കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് തുടങ്ങിയ വോട്ടെടുപ്പ് വൈകിട്ട് 3.30ന് അവസാനിച്ചു. വൈകിട്ട് ആറരയോടെ ഫലം പ്രഖ്യാപിച്ചു. സ്വാമി അംബികാനന്ദ (31), സ്വാമി ശുഭാംഗാനന്ദ (29) എന്നിവരാണ് ഏറ്രവുമധികം വോട്ടുകൾ നേടിയത്. റിട്ട. ജില്ലാ ജഡ്ജി കെ. വിശ്വനാഥൻ നായരായിരുന്നു റിട്ടേണിംഗ് ഓഫീസർ.
തിരഞ്ഞെടുക്കപ്പെട്ടവരിൽ സ്വാമി ഋതംഭരാനന്ദ നിലവിലെ ഭരണസമിതിയുടെ തുടക്കത്തിൽ ജനറൽ സെക്രട്ടറിയായിരുന്നു. അദ്ദേഹം സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് സ്വാമി ശുഭാംഗാനന്ദ ജനറൽ സെക്രട്ടറിയായത്. തിരഞ്ഞെടുക്കപ്പെട്ടവരിൽ സ്വാമി സാന്ദ്രാനന്ദ ജനറൽ സെക്രട്ടറിയായും സ്വാമി വിശുദ്ധാനന്ദ പ്രസിഡന്റായും നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. സ്വാമി അംബികാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി അനപേക്ഷാനന്ദ, സ്വാമി ഗുരുപ്രകാശം എന്നിവരാണ് പുതുമുഖങ്ങൾ. തിരഞ്ഞെടുക്കപ്പെട്ടവർ ശിവഗിരി മഹാസമാധിയിൽ പ്രാർത്ഥന നടത്തി.
തിരഞ്ഞെടുക്കപ്പെട്ടവർ (ലഭിച്ച വോട്ട് ബ്രാക്കറ്റിൽ)
സ്വാമി അംബികാനന്ദ (31), സ്വാമി ശുഭാംഗാനന്ദ (29), സ്വാമി വിശുദ്ധാനന്ദ (28), സ്വാമി ഗുരുപ്രകാശം (28), സ്വാമി ശാരദാനന്ദ (26), സ്വാമി അനപേക്ഷാനന്ദ (26), സ്വാമി ധർമ്മ ചൈതന്യ, (26), സ്വാമി നിത്യസ്വരൂപാനന്ദ (26), സ്വാമി ഋതംഭരാനന്ദ (24), സ്വാമി സാന്ദ്രാനന്ദ (24), സ്വാമി യോഗാനന്ദ തീർത്ഥ (24).




