AUTO
2028-ഓടെ ഫോർമുല വൺ തമിഴ്‌നാട്ടിലേക്ക്; ‘മോട്ടോർ സിറ്റിയും’ ഒളിംപിക് സിറ്റിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിജയ്

പതിറ്റാണ്ടുകളായി ഇന്ത്യയിലെ ഓട്ടമൊബീല്‍ മോട്ടോ സ്‌പോര്‍ട്‌സ് മേഖലകളുടെ ഹൃദയമാണ് തമിഴ്‌നാട്. മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടും നിരവധി മുന്‍നിര വാഹന നിര്‍മാതാക്കളുടെ പ്രധാന ഫാക്ടറികളും ചേര്‍ന്ന് തമിഴ്‌നാട് തലസ്ഥാനമായ ചെന്നൈക്ക് ഇന്ത്യയുടെ ഡെട്രോയിറ്റ് എന്ന വിളിപ്പേരു തന്നെ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഫോര്‍മുല വണ്‍ റേസിങ് വേദിയും ആധുനിക സൗകര്യങ്ങളോടെ ഒരു ഒളിംപിക് സിറ്റി നിര്‍മിക്കാനുമുള്ള പ്രഖ്യാപനമാണ് മുഖ്യമന്ത്രി ജോസഫ് വിജയ് നടത്തിയിരിക്കുന്നത്. രാജ്യാന്തര കായിക മാമാങ്കങ്ങളുടേയും മോട്ടോര്‍സ്‌പോര്‍ടിന്റേയും ലോക ഭൂപടത്തില്‍ തമിഴ്‌നാടിന് തനതായ സ്ഥാനം ഉറപ്പിക്കുന്ന വലിയ പദ്ധതികളാണിത്. ലോകോത്തര മോട്ടോ സ്‌പോര്‍ട്‌സ് മത്സര വേദികള്‍ ഒരുങ്ങുന്നതോടെ വിനോദ സഞ്ചാരം, പ്രത്യേക വാഹന നിര്‍മാണ വ്യവസായം, തൊഴിലവസരങ്ങള്‍, സാമ്പത്തിക വികസനം എന്നിവക്ക് വലിയ സാധ്യതകളാണ് തുറന്നുകിട്ടുക. 2028 അവസാനത്തോടെ ഫോര്‍മുല വണ്‍ റേസിങ് രാജ്യത്തേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മോട്ടോ സ്‌പോര്‍ട്‌സ് മോഖലയെ നിരീക്ഷിക്കുന്നതിനായി കേന്ദ്ര കായിക മന്ത്രാലയം ജൂണില്‍ പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കിയിരുന്നു. 2028 ഓടെ ഇന്ത്യയിലേക്ക് എഫ്1 തിരികെയെത്തിക്കുകയാണ് ഈ സംഘത്തിന്റെ ലക്ഷ്യം. വളര്‍ന്നു വരുന്ന മോട്ടോ സ്‌പോര്‍ട്‌സ് പ്രതിഭകളെ കണ്ടെത്താനും അവര്‍ക്ക് മുന്നോട്ടുള്ള വഴി തുറക്കാനും തമിഴ്‌നാടിന്റെ ഈ പദ്ധതി നിര്‍ണായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കായിക രംഗത്തെ നേട്ടങ്ങള്‍ക്കപ്പുറം മോട്ടോ സ്‌പോര്‍ട്‌സ് സംഘാടകരില്‍ നിന്നും വാഹന നിര്‍മാതാക്കളില്‍ നിന്നും അനുബന്ധ വ്യവസായികളില്‍ നിന്നും വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും ഈ നീക്കം വഴി സാധിച്ചേക്കും. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ഉള്‍പ്പെടെയുള്ള ജെയ്പീ ഗ്രൂപ്പിന്റെ ആസ്തികള്‍ ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് മുന്നോട്ടു വന്നതോടെയാണ് ഫോര്‍മുല വണ്ണിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിന്റെ സാധ്യതകള്‍ തെളിഞ്ഞത്. വളര്‍ന്നു വരുന്ന ആരാധകകൂട്ടത്തെ ചൂണ്ടിക്കാണിച്ച് ഇന്ത്യയെ വലിയ വിപണിയായാണ് എഫ് 1 സിഇഒ സ്റ്റെഫാനോ ഡൊമെനിക്കാലി നേരത്തെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ഗ്രാന്റ് പ്രീയുടെ തിരിച്ചുവരവ് പൂര്‍ണമായും സ്ഥിരീകരിച്ചില്ലെങ്കിലും ഫോര്‍മുല വണ്‍ രാജ്യത്തേക്ക് തിരികെ എത്തിക്കുന്നതിനുള്ള ചര്‍ച്ചകളുടെ ചൂടു കൂട്ടുകയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുതിയ പ്രഖ്യാപനങ്ങള്‍.
Sports ⏭️


