AUTO
ക്ലാസിക് 650 ഹൈപ്പര്‍ഷിഫ്റ്റ് എഡിഷന്; 125-ാം വർഷികം ആഘോഷമാക്കി റോയൽ എൻഫീൽഡ്

125–ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജനപ്രിയ മോഡല്‍ ക്ലാസിക് 650ന്റെ പ്രത്യേക ഹൈപ്പര്‍ഷിഫ്റ്റ് എഡിഷന് വിപണിയിലെത്തിച്ച് റോയല്‍ എന്‍ഫീല്‍ഡ്. പ്രധാന വിപണികളില്‍ ഓരോന്നിനും 125 യൂണിറ്റുകള്‍ മാത്രമായിരിക്കും ഹൈപ്പര്‍ഷിഫ്റ്റ് എഡിഷന് ലഭിക്കുക. എക്സ് ഷോറൂം വില 4,25,589 രൂപ വരുന്ന ഈ മോഡല്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ അപൂര്‍വ്വ കളക്ഷനുകളിലൊന്നായാണ് കമ്പനി പുറത്തിറക്കുന്നത്. ഈ സ്പെഷന്‍ എഡിഷന്റെ പ്രധാന ആകര്‍ഷണം അപൂര്‍വ്വമായ ഹൈപ്പര്‍ഷിഫ്റ്റ് കളര്‍ ഫിനിഷിംങാണ്. പ്രകാശത്തിന് അനുസരിച്ച് ചുവപ്പ്, പച്ച, സ്വര്‍ണ നിറങ്ങളിലേക്ക് ഈ വാഹനത്തിന്റെ നിറം മാറി മറിയും. 1901ലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യകാല മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രാസ് ബാക്ക്ഡ്രോപ്പും ഗോള്‍ഡ് ടോണുകളും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോഡി പാനലുകളിലും ടാങ്കിലും സ്വര്‍ണ നിറം നല്കുമ്പോള് ഈ കളര്കോമ്പിനേഷന് കൂടുതല്‍ അഴകു നല്കാന് എന്‍ജിനും എക്സ്ഹോസ്റ്റിനും കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. കൈകൊണ്ടു വരച്ച പിന്‍സ്ട്രൈപ്പുകളും ഇന്ധനടാങ്കിന്റെ ഭംഗിയും അപൂര്‍വ്വതയും വര്‍ധിപ്പിക്കുന്നു. ടാങ്കിനു മുകളിലായി പതിപ്പിച്ചിരിക്കുന്ന കാനന്‍ ഡെക്കാല്‍ ഇതിന്റെ ചരിത്രപ്രാധാന്യമാണ് വിളിച്ചുപറയുന്നത്. സൈഡ് പാനലുകളില്‍ സ്വര്‍ണ നിറത്തില്‍ 125ാം വാര്‍ഷിക ലോഗോയും മനോഹരമായി നല്‍കിയിട്ടുണ്ട്. രൂപകല്പനയിലെ സൂഷ്മതയും മിനുക്കുപണികളും നിറവുമാണ് സാധാരണ ക്ലാസിക് 650 മോഡലുകളില്‍ നിന്നും ഈ സ്പെഷല്‍ എഡിഷനെ വ്യത്യസ്തമാക്കുന്നത്. എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 7,250 ആര്‍പിഎമ്മില്‍ 47പിഎസ് കരുത്തും 5,650 ആര്‍പിഎമ്മില്‍ 52.3എന്‍എം ടോര്‍ക്കും പുറത്തെടുക്കുന്ന 647.95 സിസി ഫ്യുവല്‍ ഇന്‍ജക്റ്റഡ്, എസ്ഒഎച്ച്സി സ്വിന്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഈ സ്പെഷല്‍ എഡിഷന്റേയും കരുത്ത്. സിക്സ് സ്പീഡ് ഗിയര്‍ബോക്സും വൈറ്റ് മള്‍ട്ടി പ്ലേറ്റ് ക്ലച്ചും എന്‍ജിനൊപ്പം ചേര്‍ത്തിരിക്കുന്നു. മുന്നില്‍ 320 മില്ലിമീറ്റര്‍ ഡിസ്ക് ബ്രേക്കും പിന്നില്‍ 300മില്ലിമീറ്റര്‍ ഡിസ്ക്ബ്രേക്കും നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം ട്വിന്‍ പിസ്റ്റണ്‍ ഫ്ളോട്ടിങ് കാലിപ്പറുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് സ്പോക്ക് വീലുകളുടെ വലിപ്പം. സീറ്റിന്റെ ഉയരം 800 മില്ലിമീറ്റര്‍. 154എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 1475 എംഎം വീല്‍ബേസും ഈ മോഡലിലുണ്ട്. 14.7 ലീറ്ററാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 90 ശതമാനം ഇന്ധനവും ഓയിലും ഉള്‍പ്പടെ വാഹനത്തിന്റെ ഭാരം 243 കിലോഗ്രാമാണ്.
Sports ⏭️




