NEWS

ഒക്‌ടോബർ 24ന് ഹർത്താൽ തന്നെ; പ്രഖ്യാപനത്തിൽ മാറ്റമില്ലെന്ന് സിപിഎം, വിമർശിച്ച് റാന്നി എംഎൽഎ

പ്രതീകാത്മക ചിത്രം

പത്തനംതിട്ട: പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്‌ടോബർ 24ന് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്ന പത്തനംതിട്ട ജില്ലയിലെ ഏഴ് വില്ലേജുകളിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും, ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങൾ വെറും കയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എംഎൽഎ പഴകുളം മധു പറയുന്നത്. അദ്ദേഹം ഹർത്താലിനെ എതിർക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല’- രാജു എബ്രഹാം പറഞ്ഞു.

അതേസമയം, എൽഡിഎഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ചുകൊണ്ട് പഴകുളം മധു രംഗത്തെത്തി. ‘സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിനെതിരെ തന്നെയാണ് ഇവർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളെ വഞ്ചിക്കാനാണ് ഈ ഹർത്താൽ. വിഷയത്തിൽ ഒരു അടിയന്തര പ്രമേയം പോലും നിയമസഭയിൽ കൊണ്ടുവരാൻ ഇടതുമുന്നണി തയ്യാറായിട്ടില്ല. കേരളത്തിൽ മറ്റൊരു ജില്ലയിലും ഇത്തരത്തിൽ ഹർത്താൽ ഇല്ല’ – പഴകുളം മധു പറഞ്ഞു.

അതേസമയം, പരിസ്ഥിതി ലോല മേഖലയും ഭൂപ്രശ്‌നങ്ങളും ഉന്നയിച്ച് ഇടുക്കി ജില്ലയിൽ സിപിഎം നടത്തിയ ഹർത്താൽ പൂർണമായിരുന്നു. പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. സിഎച്ച്‌ആർ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകൾ സൃഷ്‌ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർത്താൽ. പരിസ്ഥിതി ലോല മേഖലയായി നിർണയിക്കപ്പെട്ട പ്രദേശങ്ങളുടെ കാഡസ്ട്രൽ മാപ്പിൽ വ്യക്തതയില്ലെന്നാണ് സിപിഎമ്മിന്റെ പ്രധാന ആരോപണം.

English Summary

CPM Pathanamthitta district secretary Raju Abraham confirmed that the October 24 hartal over the eco-sensitive zone notification will proceed as planned. He alleged that none of the seven villages in the district had been excluded. Ranni MLA Pazhakulam Madhu criticised the strike, claiming it would mislead people. The dispute centres on environmental restrictions and land-related concerns.
RELATED TOPICS: PATHANAMTHITTA HARTAL OCTOBER 24, RAJU ABRAHAM CPM, PAZHAKULAM MADHU STATEMENT, KERALA HARTAL NEWS, PARISTHITHI LOLAM MEKHALA HARTAL

Read News ⏭️

Back to top button