NEWS
ഉള്ളുനുറുങ്ങി ആ അമ്മ വിളിച്ചു, എൻ തങ്കമേ, എൻ രാസാവേ…; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും?

മുളങ്കുന്നത്തുകാവ് ( തൃശൂർ) ∙ ‘നാൻ പെറ്റ മകനേ… എൻ ചാമിയേ… എന്നെ തവിക്ക വിട്ടിട്ട് പോയിട്ടേയെടാ…’ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിക്കു മുന്നിലെ കാത്തിരിപ്പുകേന്ദ്രത്തിൽ ഇടമുറിയാതെ ഉയർന്ന ആ അമ്മമാരുടെ തേങ്ങൽ ആർക്കും കണ്ടുനിൽക്കാൻ ആകുമായിരുന്നി ല്ല. അപകടത്തിൽ മരിച്ച ഡിണ്ടിഗൽ സ്വദേശികളായ എൻ.ജീവയുടെയും ഐ.സൂര്യയുടെയും അമ്മമാർ പരസ്പരം കെട്ടിപ്പിടിച്ചു കരയുകയായിരുന്നു.ഒന്നിച്ചുകളിച്ച്, ഒന്നിച്ചുപഠിച്ച്, ഒന്നിച്ചുവളർന്ന്, അവസാനം മരണത്തിലും ഒന്നിച്ചവർ… ഉറ്റ ബന്ധുക്കളും ആത്മമിത്രങ്ങളുമായിരുന്നു സൂര്യയും ജീവയും. ഒന്നും പറയാതെ എന്തിനു പോയെന്നു ചോദിച്ച്, ഉറക്കെയുറക്കെ അവർ തങ്ങളുടെ മക്കളോടുതന്നെ പരിഭവിച്ചുകൊണ്ടിരുന്നു. സൂര്യയുടെ ഭൗതികദേഹവും കാത്ത് അമ്മ മീനാകുമാരിയും ഇളയ സഹോദരൻ ഹരിഹരനും തളർന്നിരുന്നു. ഫോൺ മുഴങ്ങിയപ്പോൾ കോളെടുത്ത് അവർ ഒരുവിധം പറഞ്ഞു; ‘സെത്തുപോച്ചെടാ…’. ജീവയുടെ അമ്മ മേഘലയും ബന്ധുക്കളും കാറിൽ വന്നിറങ്ങിയപ്പോൾത്തന്നെ ഇരുവരും ഓടിയടുത്ത് കെട്ടിപ്പിടിച്ചു കരഞ്ഞു. വന്ന നിമിഷം മുതൽ പോസ്റ്റ്മോർട്ടത്തിനുശേഷം ജീവയെ തിരികെക്കിട്ടുന്നതുവരെ അമ്മ മേഘല ഇരുന്നിടത്തുനിന്ന് മാറിയില്ല. ‘എൻ ചാമിയേ’ എന്നു വിളിച്ച് തലതല്ലിക്കരഞ്ഞു. ‘എൻ തങ്കമേ, എൻ രാസാവേ, എൻ മകനേ…’ ഇരുപതു വർഷക്കാലമത്രയും പ്രാണനായി വളർത്തിയ മകനെ വിളിച്ച ഓമനപ്പേരുകളൊക്കെയും ആ അമ്മ ആവർത്തിച്ചു. ‘പോതും… പോതും…’ ബന്ധുക്കളും പൊലീ സും നൽകിയ കുടിവെള്ളം പോലും ആ അമ്മയുടെ തൊണ്ടയിൽ കുരുങ്ങി. തേങ്ങിക്കരഞ്ഞ് നീർവറ്റിയ കണ്ണുകളുയർത്തി ചുറ്റും കൂടിനിന്നവരോട് അവർ ചോദിച്ചു; ‘ഇനി ഞാൻ എങ്ങനെ ജീവിക്കും? കയ്യോ കാലോ നഷ്ടപ്പെട്ടു.. ജീവനുണ്ട് എന്നായിരുന്നു ബന്ധുക്കൾ പറഞ്ഞത്. വന്നപ്പോഴാണ് അറിഞ്ഞത് അവൻ മരിച്ചെന്ന്’.
Fashion ⏭️


