NEWS
തൃശൂർ പൂരം അട്ടിമറി കേസ്: അന്വേഷണ റിപ്പോർട്ട് ആഭ്യന്തരവകുപ്പിനു കൈമാറി, എം.ആർ. അജിത്കുമാറിന് ക്ലീൻചിറ്റ്

തിരുവനന്തപുരം∙ തൃശൂർ പൂരം അട്ടിമറി കേസിൽ ക്രൈംബ്രാഞ്ച് നൽകിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിനു കൈമാറി. പൂരം അട്ടിമറിച്ചതിനു പിന്നിൽ തിരുവമ്പാടി ദേവസ്വത്തിലെ പ്രമുഖ ഭാരവാഹികളാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പൂരം കലക്കലിൽ ആരോപണവിധേയനായ മുൻ എഡിജിപി എം.ആർ.അജിത്കുമാറിനെതിരായ പരാമർശങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ല. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണു ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കടേഷ് റിപ്പോർട്ട് ഡിജിപിക്കു നൽകിയത്. 2024 ഒക്ടോബറിൽ ഇടതുസർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ സർക്കാരിലേക്കു എത്തിയിരിക്കുന്നത്.സർക്കാർ നിർദേശപ്രകാരമാണ് ക്രൈംബ്രാഞ്ച് വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. കേസിൽ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അടക്കം എട്ട് പേരെയാണു പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലഹളയുണ്ടാക്കാൻ ശ്രമിക്കുക, സർക്കാരിനെതിരെ കലാപ ആഹ്വാനം, ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രധാന രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധമുള്ളവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരിയിൽ അന്വേഷണം സംഘം റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവിക്കു നൽകിയിരുന്നെങ്കിലും ആരെയൊക്കെ പ്രതിയാക്കണമെന്നതിൽ തീരുമാനമാകാതെ റിപ്പോർട്ട് പിടിച്ചുവച്ചിരിക്കുകയായിരുന്നു.
Fashion ⏭️




