ചിലന്തികൾ വീട്ടിലേക്കടുക്കില്ല, വലയടിച്ച് നടുവൊടിയില്ല; എളുപ്പത്തിൽ പരീക്ഷിക്കാവുന്ന ഒരു ചെറുനാരങ്ങ വിദ്യ

പ്രതീകാത്മക ചിത്രം
വീട് എല്ലായ്‌പോഴും വൃത്തിയായിരിക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാൽ എല്ലാദിവസവും വൃത്തിയാക്കിയിട്ടും മാറ്റമില്ലാതെ തുടരുന്ന ചിലന്തി ശല്യം ഒരു വലിയ തലവേദനയാണ്. പ്രത്യേകിച്ച് ജനലുകളുടെ മൂലകളിലും വാതിലുകൾക്ക് പിന്നിലുമെല്ലാം ചിലന്തികൾ വല കെട്ടുന്നത് പതിവാണ്. വൃത്തിയാക്കി രണ്ട് ദിവസം കഴിയുന്നതിന് മുൻപുതന്നെ വിണ്ടും ചിലന്തിവല പ്രത്യക്ഷപ്പെടും.
ചിലന്തി ശല്യം ഒഴിവാക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില മാർഗങ്ങളുണ്ട്. അത്തരത്തിലൊന്നാണ് വിനാഗിരിയും ചെറുനാരങ്ങയും ചേർത്തുള്ള മിശ്രിതം.
തയ്യാറാക്കുന്ന വിധം
രണ്ട് കപ്പ് വെള്ളത്തിൽ രണ്ട് ടീസ്‌പൂൺ വിനാഗിരി ചേർക്കണം. ഇതിലേക്ക് അര മുറി നാരങ്ങ പിഴിഞ്ഞൊഴിച്ച് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം അരിച്ചെടുത്ത് ഒരു കുപ്പിയിലാക്കി ചിലന്തി ശല്യമുള്ള ഇടങ്ങളിൽ സ്‌പ്രേ ചെയ്യാം. ജനൽപ്പടികൾ, വാതിലുകളുടെ കോണുകൾ, വീട്ടിലെ മൂലകൾ, അലമാരകൾക്ക് പിന്നിലെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഈ മിശ്രിതം സ്‌പ്രേ ചെയ്യാം.
രൂക്ഷഗന്ധങ്ങൾ പലപ്പോഴും ചിലന്തികളെ അകറ്റിനിർത്താൻ സഹായിക്കാറുണ്ട്. അതിനാൽതന്നെ ഈ മിശ്രിതത്തിലെ നാരങ്ങയുടെ രൂക്ഷഗന്ധം ചിലന്തി ശല്യം കുറയ്‌ക്കാൻ സഹായിക്കും. മറ്റ് രാസവസ്‌തുക്കളൊന്നും തന്നെ ഈ മിശ്രിതത്തിൽ ഉപയോഗിക്കാത്തതുകൊണ്ടുതന്നെ കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള സ്ഥലങ്ങളിലും ഇത് ധൈര്യമായി ഉപയോഗിക്കാം. വീട് വൃത്തിയാക്കിയ ശേഷം ഈ മിശ്രിതം സ്‌പ്രേ ചെയ്യുന്നതാണ് നല്ലത്. ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത്തരത്തിൽ ചെയ്യുന്നത് കൂടുതൽ ഫലപ്രദമായിരിക്കും.
News ⏭️


