NEWS

ജർമനിയിൽ പെൺകുട്ടിയെ കടന്നുപിടിച്ച് റോബട്; ലൈംഗികമായി ഉപദ്രവിച്ചു


ബർലിൻ ∙ ജർമനിയിലെ കൊളോൺ നഗരത്തിൽ അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട് പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു. ഇതിന്റെ ദൃശ്യങ്ങൾ തത്സമയം പ്രചരിപ്പിച്ച റോബട്ടിന്റെ ഉടമയായ പതിനാറുകാരനെയും ഇയാളുടെ 19 വയസ്സുള്ള സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. വെള്ള ഉടുപ്പും ട്രാക്ക്സ്യൂട്ട് പാന്റ്സും ഒരു വ്യാജ സ്വർണ്ണമാലയും ഒട്ടിക്കുന്ന മീശയും ധരിച്ച ആൻഡ്രോയിഡ് റോബട്ടിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. റസ്റ്ററന്റിൽ വച്ച് പെൺകുട്ടിയുടെ പിന്നിലൂടെ എത്തിയ റോബട് പിൻഭാഗത്ത് അനുചിതമായി സ്പർശിച്ചെന്നാണു പരാതി. ഏകദേശം 1.2 മീറ്റർ ഉയരമുള്ള ചൈനീസ് നിർമിത യൂണിട്രീ ആർ1 എയർ റോബട്ടാണു സംഭവത്തിൽ ഉൾപ്പെട്ടത്. ഇതിനെ മുൻകൂട്ടി പ്രോഗ്രാം ചെയ്ത ചലനങ്ങളിലൂടെ പ്രവർത്തിപ്പിക്കാനോ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നേരിട്ട് നിയന്ത്രിക്കാനോ കഴിയും. ആരെങ്കിലും റോബട്ടിന്റെ ചലനങ്ങൾ നിയന്ത്രിച്ചിരുന്നോ എന്നും അപ്പോൾ അത് എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നും പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button