SPORTS
സഞ്ജു സാംസൺ സ്വന്തം സ്ഥാനത്തിനു വേണ്ടി കളിക്കില്ല, ഇതുപോലുള്ള താരങ്ങൾ ഇപ്പോഴുമുണ്ട്: വെളിപ്പെടുത്തി മുൻ ഇന്ത്യൻ ക്യാപ്റ്റന്

മുംബൈ∙ ട്വന്റി20 ലോകകപ്പിന്റെ സമയത്ത് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിന്റെ വാക്കുകൾ തനിക്ക് ഏറെ പ്രചോദനമായിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഇന്ത്യ ലോകകപ്പ് വിജയിച്ചപ്പോൾ സഞ്ജുവായിരുന്നു പ്ലേയർ ഓഫ് ദ് ടൂർണമെന്റ് പുരസ്കാരം സ്വന്തമാക്കിയത്. ‘‘2026ലെ ന്യൂസീലൻഡിനെതിരായ പരമ്പരയിൽ സഞ്ജുവിന് റൺസ് നേടാൻ സാധിച്ചിരുന്നില്ല. പക്ഷേ ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിച്ച ഇഷാൻ കിഷൻ അവിടെയുണ്ട്. സഞ്ജുവിന്റെ അവസ്ഥ മോശമായിരുന്നു. ഞാൻ ഇക്കാര്യം ടീം ബസിൽ വച്ചാണ് സഞ്ജുവുമായി ചർച്ച ചെയ്തത്. സഞ്ജുവിന് കാര്യങ്ങൾ കുറച്ചു ബുദ്ധിമുട്ടാകുമെന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു.’’– സൂര്യകുമാർ യാദവ് ആകാശ് ചോപ്രയ്ക്കു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.‘‘സഞ്ജുവിനെ ടീമിൽനിന്ന് ഒഴിവാക്കുകയെന്നതു ഞാൻ എടുത്തിട്ടുള്ളതിൽ ബുദ്ധിമുട്ടേറിയ തീരുമാനമായിരുന്നു. നല്ല ആളുകൾക്ക് നല്ല കാര്യങ്ങൾ മാത്രമേ സംഭവിക്കു. സഞ്ജു നല്ലൊരു മനുഷ്യനാണ്. ശ്രീലങ്കൻ പര്യടനത്തിന്റെ സമയത്തും സഞ്ജു മോശം ഫോമിലായിരുന്നു. എന്താണു ചെയ്യേണ്ടതെന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ബംഗ്ലദേശിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഏഴു മത്സരങ്ങളുണ്ട്. ഈ കളികളിലെല്ലാം തിളങ്ങാതിരുന്നാലും സഞ്ജു ടീമിലുണ്ടാകുമെന്ന ഉറപ്പ് ഞാൻ അദ്ദേഹത്തിനു നല്കി. എന്നാൽ ബംഗ്ലദേശിനെതിരെ സഞ്ജു സെഞ്ചറി അടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ 216 റൺസ് സ്കോർ െചയ്തു. അതിനു ശേഷം സഞ്ജുവിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അദ്ദേഹം തുടർച്ചയായി സ്കോർ കണ്ടെത്തിക്കൊണ്ടിരുന്നു.’’– സൂര്യകുമാര് യാദവ് വ്യക്തമാക്കി.
Auto ⏭️

