TRAVEL

‘മിൽക്ക്‌മെയ്ഡും പാലും ചേർത്തുണ്ടാക്കുന്ന ആ പായസത്തിന്റെ രുചി അസാധ്യമാണ്’


ഓരോ ആഘോഷവേളകളിലും നമുക്കേറെ പ്രിയപ്പെട്ട ഒരുവിഭവമുണ്ടാകും. അത്തരത്തിലൊരു വിഭവം പങ്കുവെക്കുകയാണ് അഭിനേത്രി സീമ ജി.നായർ.”വളരെ സാധാരണയിൽ സാധാരണമായിട്ടുള്ളൊരു കുടുംബമാണ് എന്റേത്. അതുകൊണ്ട് ചെറുപ്പത്തിൽ ഓണാഘോഷങ്ങളോ ഓർമിക്കത്തക്ക ഓണവിഭവങ്ങളോ ഒന്നുമുണ്ടായിട്ടില്ല. അതുകൊണ്ട് അങ്ങനൊരു വിഭവം തിരഞ്ഞെടുക്കാനും കഴിയില്ല. പക്ഷേ ഇപ്പോൾ മോനിഷ്ടപ്പെട്ടൊരു പായസമുണ്ട്. വീട്ടിൽ അതിഥികൾ വന്നാലും, ആഘോഷങ്ങളിലുമെല്ലാം ആ പായസമുണ്ടാവുകയും ചെയ്യും. രുചികരമായ കാരറ്റ് പായസമാണത്.മോന് ഏറ്റവും ഇഷ്ടമാണത്. വീട്ടിലാരെങ്കിലും വന്നാലും, അവന്റെ കൂട്ടുകാർ വന്നാലും, അതല്ലെങ്കിൽ അവനെവിടെയെങ്കിലും പോയിട്ട് വരുമ്പോഴെല്ലാം ആദ്യമേ തന്നെ പറഞ്ഞുവെക്കും, കാരറ്റ് പായസം വേണമെന്ന്. അവൻ ഫ്രാൻസിൽ പഠിക്കുകയാണ്. ഇപ്പോൾ അവധിക്ക് വന്നിട്ടുണ്ട്. അവൻ വരുന്നുവെന്ന് പറഞ്ഞപ്പോഴേക്കും ഞാൻ രണ്ടു ടിൻ മിൽക്ക്‌മെയ്ഡ് വാങ്ങിവെച്ചിട്ടുണ്ട്. എനിക്കറിയാം വരുമ്പോൾ ആദ്യം ചോദിക്കുന്നത് ഇതായിരിക്കും എന്ന്.പായസം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം കാരറ്റ് (ചെറുത്)- മൂന്നെണ്ണം പാൽ- അര ലിറ്റർ മിൽക്ക്‌മെയ്ഡ്- ഒരു ടിൻ കശുവണ്ടി നെയ്യ്കാരറ്റ് നന്നായി വൃത്തിയാക്കി, തീരെ ചെറുതാക്കി ഗ്രേറ്റ് ചെയ്‌തെടുക്കുക. കൊത്തി അരിയരുത്. പാൻ എടുത്ത് അതിലേക്ക് നെയ്യൊഴിച്ച് ചൂടാക്കുക. നെയ്യിലേക്ക് കശുവണ്ടി ഇട്ട് നന്നായി ഫ്രൈ ചെയ്യുക (അല്പം കൂടുതൽ കശുവണ്ടി വേണം). ലൈറ്റ് ബ്രൗൺ നിറമാവുന്നതുവരെ ഫ്രൈ ചെയ്യണം, കറുത്തുപോകാതെ നോക്കണം. എന്നിട്ടത് മാറ്റിവെക്കുക. ഇതേ നെയ്യിലേക്ക് കാരറ്റ് ഗ്രേറ്റ് ചെയ്തത് ഇട്ട് വഴറ്റുക. മൂന്നോ നാലോ മിനിറ്റ് വഴറ്റിയാൽ മതിയാകും. അത്രയും വഴറ്റുമ്പോൾ തന്നെ നന്നായി വെന്തിട്ടുണ്ടാകും. ഗ്രേറ്റ് ചെയ്‌തെടുത്തതുകൊണ്ട് അത്രയും സമയംകൊണ്ട് വേവും. ഇതിലേക്ക് പാലൊഴിക്കുക. എടുക്കുന്ന കാരറ്റിന്റെ അളവനുസരിച്ചാണ് പാൽ വേണ്ടത്. മൂന്ന് ചെറിയ കാരറ്റിന് അര ലിറ്റർ പാൽ മതിയാകും. അല്പം കൂടി വേണമെന്നുണ്ടെങ്കിൽ പാലൊഴിക്കാം.ആദ്യം നല്ല തീയിൽ തിളപ്പിച്ചിട്ട്, പിന്നീട് ചെറുതീയിലിട്ട് ഇളക്കണം. നമ്മൾ കൈയെടുക്കാതെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം. കൈയെടുത്തു കഴിഞ്ഞാൽ പാൽ കരിഞ്ഞുപോകും, കാരറ്റും കൂടിയുള്ളതുകൊണ്ട് പെട്ടെന്ന് അടിയിൽ പിടിക്കും. ഇത് നന്നായി വെന്തുകഴിഞ്ഞാൽ അതിലേക്ക് ഒരു ടിൻ മിൽക്ക്‌മെയ്ഡ് ഒഴിക്കുക. പഞ്ചസാരയിടരുത്, മിൽക്ക് മെയ്ഡ് മാത്രം മതി. നേരത്തെ പറഞ്ഞ അളവിന് ഒരു ടിൻ മിൽക്ക് മെയ്ഡ് മതിയാകും. ഇനി ആദ്യം വറുത്തുവെച്ച കശുവണ്ടി മിക്‌സിയിലിട്ട് നന്നായി പൊടിച്ചെടുക്കണം. പായസം നല്ലതുപോലെ തിളച്ചുവരുമ്പോൾ, പൊടിച്ച കശുവണ്ടി ഇട്ടുകൊടുക്കണം. മുഴുവനായിട്ട് ഇടരുത്. കുറച്ചുകുറച്ചായി ഇട്ട്, ഇളക്കിക്കൊണ്ടിരിക്കണം. ഒറ്റയടിക്ക് ഇട്ടാൽ കട്ടകെട്ടിപ്പോകും, സ്പൂൺകൊണ്ട് ഉടച്ചുകൊടുക്കേണ്ടിയും വരും. അതുകൊണ്ടാണ് ഒരുമിച്ച് ഇടരുതെന്ന് പറയുന്നത്. കശുവണ്ടി ഇട്ടുകഴിഞ്ഞ് അവസാനം കുറച്ച് നെയ്യും കൂടി ഒഴിച്ചാൽ മതി. അസാധ്യ ടേസ്റ്റാണിതിന്.


Sports ⏭️

Back to top button