NEWS

വി.സി നിയമനം: സെർച്ച് കമ്മിറ്റിയിൽ സിൻഡിക്കേറ്റ് പ്രതിനിധി

തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന് പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധികളെ ഉൾപ്പെടുത്തും. ഒമ്പത് സർവകലാശാലകളിലാണ് സ്ഥിരം വി.സിമാരില്ലാത്തത്. സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധിയെ നൽകാനുള്ള അധികാരം സിൻഡിക്കേറ്റിന് നൽകുന്നതിന് ഭേദഗതി കൊണ്ടു വരാൻ . സിൻഡിക്കേറ്റ് മെമ്പേഴ്സ് കോൺക്ലേവ് തീരുമാനിച്ചു. കോൺക്ലേവ് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

സർവകലാശാലകളിൽ അക്കാഡമിക് കാര്യങ്ങൾ കാര്യക്ഷമമാക്കാൻ അക്കാഡമിക് സിൻഡിക്കേറ്റുകൾ രൂപീകരിക്കും. സിലബസ്, കരിക്കുലം, കോഴ്സുകൾ, പരീക്ഷകൾ, ഫല പ്രഖ്യാപനം എന്നിവയിൽ തീരുമാനമെടുക്കാനാണിത്.

സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അക്കാഡമിക് വിദഗ്ദ്ധരുൾപ്പെട്ട സമിതിയാണിത്. വൈസ് ചാൻസലറായിരിക്കും അദ്ധ്യക്ഷൻ. അക്കാഡമിക് സിൻഡിക്കേറ്റിന്റെ തീരുമാനങ്ങൾ വി.സി നടപ്പാക്കിയ ശേഷം സിൻഡിക്കേറ്റിൽ റിപ്പോർട്ട് ചെയ്യും. ഇതിനായി നിയമഭേദഗതി കൊണ്ടു വരും. സർവകലാശാലകൾക്ക് തീരുമാനമെടുക്കാൻ അധികാരമുള്ള കാര്യങ്ങൾ സർക്കാരിലേക്ക് അയയ്ക്കേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് പറഞ്ഞു.

സർവകലാശാലകളുടെ പ്രവർത്തന സാഹചര്യങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, അക്കാഡമിക-ഭരണ മേഖലകളിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങൾ തുടങ്ങിയവ കോൺക്ലേവിൽ ചർച്ച ചെയ്തു. വിവിധ സർവകലാശാലകളിലെ 80ലേറെ സിൻഡിക്കേറ്റംഗങ്ങൾ പങ്കെടുത്തു. സി.പി.എം അംഗങ്ങൾ വിട്ടു നിന്നു. ബി.ജെ.പി അംഗങ്ങളും പങ്കെടുത്തു. എം.എൽ.എമാരായ ജ്യോതികുമാർ ചാമക്കാല, നജീബ് കാന്തപുരം, മാത്യു കുഴൽനാടൻ എന്നിവർ പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. അച്യുത് ശങ്കർ, മെമ്പർ സെക്രട്ടറി പ്രൊഫ. അബിദ ഫറൂഖി, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു..

Read News ⏭️

Back to top button