NEWS

ഫാർമസിസ്റ്റില്ലാതെ മരുന്ന് വില്പന നടപടി കടുപ്പിക്കാൻ ഫാർമസി കൗൺസിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ പ്രവർത്തനസമയം മുഴുവൻ രജിസ്‌റ്റേർഡ് ഫാർമസിസ്റ്റുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം കർശനമാക്കാനൊരുങ്ങി ഫാർമസി കൗൺസിൽ. വേദന സംഹാരികളടക്കം ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ വില്പന തടയാൻ വ്യാപക പരിശോധനയുണ്ടെങ്കിവും വേദന സംഹാരികൾ, മനോരോഗ ചികിത്സക്കുള്ള ചില മരുന്നുകൾ എന്നിവ കുറിപ്പടിയില്ലാതെ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഇവയുടെ വ്യാപാരം നടക്കുന്നത് ഔഷധ വില്പന കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റില്ലാത്ത സമയങ്ങളിലാണെന്നാണ് ഫാർമസി കൗൺസിൽ വിലയിരുത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യം ഫാർമസി കൗൺസിൽ ആരോഗ്യവകുപ്പിന്റെയടക്കം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിലവിലെ സർക്കാരിന്റെ ശ്രദ്ധയിലുമെത്തിച്ച് സംസ്ഥാനതലത്തിൽ കർശന ഇടപെടലിനാണ് കൗൺസിൽ ശ്രമം.

രണ്ട് ഫാർമസിസ്റ്റ് വീതം വേണം

8 മണിക്കൂറാണ് ഫാർമസിസ്റ്റുകളുടെ ഡ്യൂട്ടി സമയം. ഇതു കഴിഞ്ഞാൽ മിക്ക ഷോപ്പുകളിലും ഫാർമസിസ്റ്റുകളുടെ സേവനമുണ്ടാകില്ല. മെഡിക്കൽ ഷോപ്പുകൾ 8 മണിക്കൂറിൽ കൂടുതൽ പ്രവർത്തിക്കുകയാണെങ്കിൽ 2ഫാർമസിസ്റ്റുകൾ വേണമെന്നാണ് ഫാർമസി കൗൺസിൽ മുന്നോട്ടുവയ്ക്കുന്നത്. ആന്റിബയോട്ടിക്കുകളുടെ കൃത്യമായ ഉപയോഗം ഉറപ്പാക്കാനും മരുന്നുകളുടെ അമിത ഉപയോഗം മൂലമുള്ള രോഗവസ്ഥ നിയന്ത്രിക്കാനും ഫാർമസിസ്റ്റുകളുടെ

എണ്ണം കൂട്ടുന്നതിലൂടെ കഴിയും.

ഫാർമസിസ്റ്റുകൾക്ക് ക്ഷാമമില്ല
“സംസ്ഥാനത്ത് സേവനത്തിനാവശ്യമായ ഫാർമസിസ്റ്റുകളുണ്ട്. 1.10 ലക്ഷം രജിസ്‌ട്രേഷനാണ് ഫാർമസി കൗൺസിലിലുള്ളത്. ഇതിൽ 50,000 പേരുടെ സേവനം കേരളത്തിൽ ലഭ്യമാണ്. ”

-ഒ.സി.നവീൻചന്ദ് , പ്രസിഡന്റ്, കേരള ഫാർമസി കൗൺസിൽ

Read News ⏭️

Back to top button