NEWS
‘അനുഭവിച്ചോ… മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു, ഇതു വിളിച്ചു പറഞ്ഞതിന്…’: വി.ഡി.സതീശനെ പിന്തുണച്ച് ഹൃദ്രോഗ വിദഗ്ധൻ

കോഴിക്കോട് ∙ ആവശ്യമില്ലാത്തവർക്കുപോലും ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ഒഴിവാക്കണമെന്ന മുഖ്യമന്ത്രി വി.ഡി.സതീശന്റെ പരാമർശത്തെ പിന്തുണച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. ജി.രാജേഷ്. ഒരുനാൾ ആരെങ്കിലും സത്യം വിളിച്ചുകൂവുമെന്നും അതിനു ധൈര്യവും ഭവിഷ്യത്തുകൾ താങ്ങാനുള്ള കരുത്തും ഉള്ള ഒരാൾ ഇതു തുറന്നു പറഞ്ഞത് നന്നായെന്നും ഇതു 100% സത്യമാണെന്നും രാജേഷിന്റെ ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.പ്രതിദിനം 500 മുതൽ 600 വരെ രോഗികൾ മെഡിക്കൽ കോളജ് കാർഡിയോളജി ഒപിയിൽ എത്തുന്നുണ്ട്. ഇവിടെ ശനിയാഴ്ച നടന്നതു പതിനഞ്ചിൽ താഴെ ആൻജിയോപ്ലാസ്റ്റി കേസുകൾ മാത്രം. മുഖ്യമന്ത്രി പറഞ്ഞതു സത്യമാണ്. ഏതെങ്കിലും മെഡിക്കൽ സ്പെഷ്യൽറ്റി വല്ലാതെ തരം താഴ്ന്നിട്ടുണ്ടെങ്കിൽ അതു കാർഡിയോളജി ആണ്. അതിന്റെ ഒരു കാരണം ഡിഎം സീറ്റുകൾ കുത്തനെ കൂട്ടിയതാണ്. ഞാൻ പഠിക്കുമ്പോൾ കേരളത്തിൽ ആകെ ഉണ്ടായിരുന്നത് 3 സീറ്റുകൾ, ഒരെണ്ണം ലക്ചറർ കോട്ട ആയിരുന്നു. ഇപ്പോൾ കേരളത്തിൽ മാത്രം മുപ്പതിൽ കൂടുതൽ. ഇത്രയും കൂട്ടരുത് എന്നു പറഞ്ഞ ഒരു പ്രഫസറെ, യോഗത്തിൽ പരസ്യമായി വഴക്കു പറഞ്ഞ അന്നത്തെ ഹെൽത്ത് സെക്രട്ടറിയെ ഓർമ വരുന്നു. അനുഭവിച്ചോ… മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നു, ഇതു വിളിച്ചു പറഞ്ഞതിന്… എന്നു പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Fashion ⏭️




