NEWS

നെയ്യ് വാങ്ങിയതിൽ ക്രമക്കേട്: അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശം


കൊച്ചി ∙ ശബരിമല മണ്ഡലകാലത്ത് മിൽമയിൽനിന്ന് നെയ്യ് വാങ്ങിയതിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദേശം. വിഷയത്തിൽ എസ്ഐടി നടത്തുന്ന അന്വേഷണത്തിൽ ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. കേസ് വീണ്ടും ഈ മാസം 21ന് പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട് വിജിലൻസ് ആന്‍ഡ് ആന്റി കറപ്ഷൻ ബ്യൂറോ എസ്പി എം.ജെ.സോജൻ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ട് കോടതി പരിശോധിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട, പന്തളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഓഫിസുകളിൽ നിന്നും മിൽമയുടെ തിരുവനന്തപുരം, പത്തനംതിട്ട ഓഫിസുകളിൽ നിന്നും കേസിനാസ്പദമായ നിരവധി രേഖകൾ ഇതിനകം പിടിച്ചെടുത്തതായി അന്വേഷണ സംഘം കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് നിരവധി സാക്ഷികളെ ചോദ്യം ചെയ്തിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. പിടിച്ചെടുത്ത രേഖകളുടെ വിപുലമായ പരിശോധനയും സാക്ഷികളെ ചോദ്യം ചെയ്യലും നടന്നു വരികയാണ്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കൃത്യതയോടെയും വേഗത്തിലുമാണ് അന്വേഷണം മുന്നോട്ടു പോകുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയെ അറിയിച്ചു.കൂടിയ തുകയടക്കം ചൂണ്ടിക്കാട്ടി ദേവസ്വം കമ്മിഷണർ എതിർത്തെങ്കിലും ബോർഡ് പ്രസിഡന്റായിരുന്ന പി.എസ്.പ്രശാന്തും അംഗം അജികുമാറും മിൽമയെ അനുകൂലിക്കുകയും മറ്റ് ടെൻഡറുകൾ റദ്ദാക്കുകയും ചെയ്തു എന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. തുടർന്നാണ് കോടതി എസ്ഐടിക്ക് രൂപം നൽകി അന്വേഷണത്തിന് ഉത്തരവിട്ടത്.


Fashion ⏭️

Back to top button