‘ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ല, ഉറച്ചുനിൽക്കണം, പ്രിയപ്പെട്ടവരെ സംരക്ഷിക്കണം’; അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് ധ്രുവ്

ധ്രുവ് വിക്രം അനുപമ പരമേശ്വരൻ
തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടൻ ധ്രുവ് വിക്രം. ധ്രുവും നടി അനുപമ പരമേശ്വരനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമാകുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.
പൊതുജനശ്രദ്ധയും മാദ്ധ്യമവിചാരണയും വ്യക്തിജീവിതത്തെ ബാധിക്കുമ്പോൾ പ്രിയപ്പെട്ടവരെയും തനിക്ക് പ്രധാനപ്പെട്ട കാര്യങ്ങളെയും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് ധ്രുവ് പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിലെ അഭിമുഖത്തിലാണ് വ്യക്തിജീവിതത്തിലെ മാദ്ധ്യമ ശ്രദ്ധയെക്കുറിച്ച് ധ്രുവ് മനസ് തുറന്നത്. മാദ്ധ്യമങ്ങളുടെ നിരന്തരമായ ശ്രദ്ധ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് പറയാനാകില്ലെന്നും ധ്രുവ് സമ്മതിച്ചു.
‘യാഥാർഥ്യത്തിൽ ഉറച്ചുനിൽക്കുകയാണ് പ്രധാനപ്പെട്ട കാര്യം. നിങ്ങൾ ആരാണെന്നും എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും തിരിച്ചറിയണം. നിങ്ങൾ സ്നേഹിക്കുന്ന എല്ലാവരെയും നിങ്ങൾക്ക് പ്രധാനപ്പെട്ടതെന്ന് തോന്നുന്ന എല്ലാ കാര്യങ്ങളെയും ശക്തമായി സംരക്ഷിക്കണം. നിങ്ങൾക്ക് നിങ്ങളുടേതായ ഒരു ലോകമുണ്ട്. ഉള്ളിലേക്ക് നോക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തുക. കഴിയുന്നത്ര നിങ്ങളുടെ സ്വകാര്യ ഇടം സംരക്ഷിക്കുക,’ -ധ്രുവ് പറഞ്ഞു.
സമൂഹമാദ്ധ്യമങ്ങളിൽ അധികം സജീവമല്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിനും ധ്രുവ് രസകരമായ മറുപടി നൽകി. തനിക്ക് ഒരു സ്വകാര്യ അക്കൗണ്ട് ഉണ്ടായേക്കാമെന്ന സൂചനയും താരം പറഞ്ഞു. ‘അച്ഛന്റെയും മരുമകളുടെയും വളർത്തുമൃഗങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പകർത്താനും അവ എഡിറ്റ് ചെയ്യാനും ഏറെ ഇഷ്ടമാണ്. പലതും എഡിറ്റ് ചെയ്തുവച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറില്ല. സിനിമയുടെ പ്രമോഷൻ സമയത്ത് സോഷ്യൽ മീഡിയയിൽ സജീവമാകാൻ ഇഷ്ടമാണ്. എന്നാൽ മറ്റ് സമയങ്ങളിൽ വായനയിലും സംഗീതത്തിലുമാണ് കൂടുതൽ ശ്രദ്ധ നൽകാറുള്ളത്’ -ധ്രുവ് കൂട്ടിച്ചേർത്തു.
നടൻ ധ്രുവ് വിക്രം
‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചവരാണ് ധ്രുവും അനുപമയും. അടുത്തിടെ രണ്ട് വർഷം നീണ്ടുനിന്ന മുൻബന്ധത്തിൽ നേരിട്ട നിയന്ത്രണങ്ങളും നാർസിസിസവും സംബന്ധിച്ച് അനുപമ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് ഇരുവരെയും ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങൾ വീണ്ടും ശക്തമായത്. എന്നാൽ മുൻകാമുകന്റെ പേര് അനുപമ വെളിപ്പെടുത്തിയിരുന്നില്ല.
അനുപമയുടെ വെളിപ്പെടുത്തലുകൾ
അടുത്തിടെ തന്റെ മുൻകാല ബന്ധത്തെറിച്ചും നാഴ്സിസ്റ്റിക് സ്വഭാവങ്ങളെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ അനുപമ തുറന്നുപറഞ്ഞിരുന്നു. മറ്റുള്ളവരുടെ അനുവാദം തേടാതെ തന്നെ തനിക്ക് ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുക്കാനും പോസ്റ്റുകൾക്ക് ക്യാപ്ഷൻ എഴുതാനുമൊക്കെ സാധിക്കുന്നുണ്ടെന്നും, ഇപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് ഏറെ സന്തോഷം നൽകുന്നുണ്ടെന്നും നടി കുറിച്ചിരുന്നു. മുൻപങ്കാളിയെ നാർസിസിസ്റ്റ് എന്നാണ് അനുപമ വിശേഷിപ്പിച്ചത്. ധന്യ വർമ്മയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ മുൻ കാമുകന്റെ പേര് വെളിപ്പെടുത്താതെയായിരുന്നു നടിയുടെ പ്രതികരണം.
വിജയചിത്രമായ ‘ഡ്രാഗൺ’ പ്രമോട്ട് ചെയ്യുന്നതിൽ പോലും തനിക്ക് നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും അനുപമ പറഞ്ഞിരുന്നു. ഇതോടെ നേരത്തെ ഒരു പോഡ്കാസ്റ്റിൽ അനുപമ നടത്തിയ ചില പരാമർശങ്ങളും ആരാധകർ വീണ്ടും ചർച്ചയാക്കുകയായിരുന്നു. നടിയുടെ മുൻ കാമുകൻ ധ്രുവ് ആണെന്ന തരത്തിലുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ധ്രുവിന്റെ പ്രതികരണത്തിൽ നിന്നും ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നോ ഇല്ലെന്നോ തരത്തിലുള്ള സ്ഥിരീകരണം ഉണ്ടായിട്ടില്ല.
Business ⏭️


