LIFESTYLE

160 രൂപയ്ക്ക് വരെ വിറ്റിരുന്ന സാധനത്തിന് ഇപ്പോൾ 50ലും താഴെ,​ പ്രതിസന്ധിക്ക് പിന്നിൽ


BETAL LEAF

പത്തനംതിട്ട : ഓണക്കാലം ലക്ഷ്യമിട്ട് നട്ടുവളർത്തിയ വെറ്റിലക്കൊടികൾ പെരുമഴയിൽ നിലംപൊത്തിയതോടെ ജില്ലയിൽ വെറ്റിലക്ഷാമം രൂക്ഷമായി. ഉയർന്ന പരിപാലന ചെലവും ഈറ്റക്ഷാമവും മൂലം നട്ടംതിരിയുന്നതിനി​ടെയാണ് അപ്രതീക്ഷിതമായി എത്തി​യ പെരുമഴയും വെള്ളക്കെട്ടും കർഷകരുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞത്. ജില്ലയിൽ രണ്ട് ഹെക്ടറോളം സ്ഥലത്തെ വെറ്റിലക്കൃഷി നശിച്ചുപോയിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ ഔദ്യോഗിക കണക്കെങ്കിലും ഇതിന്റെ ഇരട്ടിയുണ്ടെന്ന് കർഷകർ പറയുന്നു. കൃഷിവകുപ്പ് നാശനഷ്ട കണക്ക് ശേഖരിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം എന്നു കിട്ടുമെന്നോ എത്ര കിട്ടുമെന്നോ എന്നതി​ൽ വ്യക്തതയി​ല്ല.

മാസങ്ങളായി 50 – 60 രൂപയായി​രുന്ന ഒരുകെട്ട് വെറ്റിലയ്ക്ക് കർക്കടക മാസവും ആറൻമുള വള്ളസദ്യയും എത്തിയതോടെ 100 – 110 രൂപയായി ഉയർന്നിരുന്നു. വ്യാപാരികൾ 160 രൂപ വരെ ഈടാക്കുന്നുണ്ട്. ചിങ്ങത്തി​ൽ വീണ്ടും വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായി​രുന്നു കർഷകർ.

വിവാഹങ്ങളും ഗൃഹപ്രവേശനവും ഉൾപ്പടെയുള്ള നിരവധി മംഗളകർമ്മങ്ങളാണ് ചിങ്ങത്തിൽ നടക്കാൻ പോകുന്നത്. ക്ഷേത്രങ്ങളിലെ വിവിധ ചടങ്ങുകൾക്കും ഔഷധ നി​ർമ്മാണത്തി​നും വെറ്റില വ്യാപകമായി ഉപയോഗിക്കാറുണ്ട്.

വില സ്ഥി​രതയില്ലാതെ

ഒരുകെട്ട് വെറ്റിലയ്ക്ക് പലപ്പോഴും 30 മുതൽ 50 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. നാല് അടുക്കുകളിലായി 20 എണ്ണംവീതം 80 വെറ്റിലയാണ് ഒരു കെട്ടിലുള്ളത്. ഇപ്പോൾ നൂറ് രൂപ വരെ ലഭിച്ചിരുന്നു. കൊവിഡ് കാലത്ത് 240 – 300 രൂപ വരെ ലഭിച്ചിരുന്നു. തൊഴിലാളികുടെ കൂലിയും പരിപാലന ചെലവും നോക്കിയാൽ തങ്ങൾക്ക് ഒന്നും കിട്ടാനില്ലെന്ന് കർഷകർ പറയുന്നു. ഇതിന് പിന്നാലെയാണ് പ്രകൃതി ക്ഷോഭങ്ങളും നാശം വിതച്ചത്.

ജില്ലയിൽ നശി​ച്ച വെറ്റിലക്കൃഷി : 1.83 ഹെക്ടർ

നഷ്ടംനേരിട്ട കർഷകർ : 73

നഷ്ടം : 4.55 ലക്ഷം രൂപ

(കൃഷി വകുപ്പിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർക്കും വലി​യ നഷ്ടമുണ്ടായി​ട്ടുണ്ട്)

മദ്ധ്യതിരുവിതാംകൂറിലെ പ്രധാന വെറ്റില മാർക്കറ്റ് : അടൂർ പറക്കോട്.


ചെലവേറിയതും തുടക്കം മുതൽ തന്നെ കരുതലും ശ്രദ്ധയും ആവശ്യമായതുമായ കൃഷിയാണ് വെറ്റില. ഈറ്റ ക്ഷാമവും പന്നിശല്യവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൻ തുക ചെലവാക്കിയാണ് കൃഷി ഇറക്കിയത്. അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം.

സജി കുഴിപറമ്പിൽ, (കർഷകൻ).


News ⏭️

Back to top button