വാങ്ങുന്നെങ്കിൽ ഇപ്പോൾ വേണം, ഒക്ടോബർ ഒന്നുമുതൽ ടി.വിയ്ക്കും ഫ്രിഡ്‌ജിനുമൊക്കെ വില കുത്തനെ കൂടും

നവരാത്രി, ദീപാവലി ഉത്സവകാലത്ത് എ.സി, ടി.വി, ഫ്രിഡ്‌ജ് തുടങ്ങിയ ഗൃഹോപകരണങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് ഇത്തവണ കൈപൊള്ളും. പ്രധാന നിർമ്മാണ സാമഗ്രികളായ കോപ്പർ, സ്‌റ്റീൽ, അലുമിനിയം, ക്രൂഡോയിൽ അധിഷ്‌ഠിത ഉത്പന്നങ്ങൾ എന്നിവയുടെ വിലയിലുണ്ടായ കുതിപ്പാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകുന്നത്.
അധിക ഉത്പാദനച്ചെലവ് കണക്കിലെടുത്ത് കമ്പനികൾ ഒക്ടോബർ ഒന്ന് മുതൽ എയർ കണ്ടീഷണറുകൾ, എൽ.ഇ.ഡി ടി.വികൾ, വാഷിംഗ് മെഷീനുകൾ തുടങ്ങിയവയുടെ വില അഞ്ച് മുതൽ എട്ട് ശതമാനം വരെ വർദ്ധിപ്പിക്കും. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ തകർച്ചയും ചരക്കുനീക്ക ചെലവിലെ വർദ്ധനയും തിരിച്ചടിയായി.
ഇതോടെയാണ് അധിക ബാദ്ധ്യതയുടെ ഒരു ഭാഗം ഉപഭോക്താക്കൾക്ക് കൈമാറുന്നത് നടപ്പുവർഷം മൂന്നാം തവണയാണ് കമ്പനികൾ വില വർദ്ധിപ്പിക്കുന്നത്. ബ്ളൂ സ്റ്റാർ, ഗോദ്‌റേജ് അപ്ളയൻസസ്, ഹയർ, ഡെയ്‌കിൻ, സൂപ്പർ പ്ളാസ്‌ട്രോണിക്‌സ് തുടങ്ങിയ കമ്പനികൾ ഉത്പന്നങ്ങളുടെ വില നാല് മുതൽ എട്ടു ശതമാനം വരെ ഉയർത്തും.
എ.സി വില എട്ടു ശതമാനം വരെ കൂടും
എയർകണ്ടീഷണറുകളുടെ വില ഒക്ടോബർ ഒന്ന് മുതൽ അഞ്ച് മുതൽ എട്ടു ശതമാനം വരെ കൂടുമെന്ന് കമ്പനികൾ വ്യക്തമാക്കി. വാഷിംഗ് മെഷീനുകൾ, റെഫ്രിജറേറ്ററുകൾ, എൽ.ഇ.ഡി ടി.വി എന്നിവയ്ക്ക് മൂന്ന് മുതൽ നാല് ശതമാനം വരെ വില വർദ്ധനയുണ്ടാകും.
വിൽപ്പനയെ ബാധിക്കുമോ?
ഓണം മുതൽ ദീപാവലി വരെയുള്ള ഉത്സവകാലയളവിലാണ് ഗൃഹോപകരണ വിൽപ്പനയുടെ 30 മുതൽ 40 ശതമാനം വരെ നടക്കുന്നത്. ഉത്പന്നങ്ങളുടെ വില വീണ്ടും കൂടുന്നതോടെ ഇത്തവണ ഉപഭോഗത്തിൽ തളർച്ചയുണ്ടാകുമെന്ന ആശങ്ക ശക്തമാണ്. കഴിഞ്ഞ വർഷം ഉത്സവകാലയളവിന് മുന്നോടിയായി ജി.എസ്.ടി ഇളവ് പ്രഖ്യാപിച്ചതിനാൽ വിപണിയിൽ മികച്ച ഉണർവുണ്ടായിരുന്നു.
കോപ്പർ സമ്മർദ്ദം
എ.സി നിർമ്മാണത്തിലെ പ്രധാന ഘടകമായ കോപ്പറിന്റെ വില കഴിഞ്ഞ വർഷം ടണ്ണിന് 8,000-9,000 ഡോളറായിരുന്നത് ഇപ്പോൾ 14,500 ഡോളറായി. ഒരു എ.സി നിർമ്മിക്കുന്നതിന് നാല് കിലോ കോപ്പർ വരെ ആവശ്യമാണ്.
News ⏭️




