സപ്ലൈകോ മെഗാ ട്രേഡ് ഫെയർ ആഗസ്റ്റ് 25 വരെ: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സപ്ലൈകോയെ സ്വയം പര്യാപ്തമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സപ്ലൈകോയുടെ ജില്ലാ ഓണം മെഗാ ട്രേഡ് ഫെയർ കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മെഗാ ട്രേഡ് ഫെയർ. സപ്ലൈകോയെ സാമ്പത്തിക ബാദ്ധ്യതയിൽ നിന്ന് കരകയറ്റാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ് .
സപ്ലൈകോ വില്പനശാലകളിലെ പരസ്യവരുമാനം , പെട്രോളിയം ഉത്പന്നങ്ങളുടെ കൂടുതൽ വിപണനം തുടങ്ങിയ മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വിപണിയിടപെടലിനായി ഈ ഓണക്കാലത്ത് 253 കോടി രൂപ സപ്ലൈകോയ്ക്ക് നല്കിയത് ഇതിന് ഉദാഹരണമാണ്. ഓണക്കാലത്ത് കേന്ദ്രത്തിന്റെ അരിയുടെ ടൈഡ് ഓവർ വിഹിതം കുറഞ്ഞിട്ടും, സർക്കാർ ഇടപെട്ട് ഒ.എം.എസ്.എസ് നിരക്കിൽ അരി നൽകാൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി.പി.ജോൺ അദ്ധ്യക്ഷനായി.
ഓണത്തിന് 63 ഇനങ്ങളുമായി കൺസ്യൂമർഫെഡ്
കൊച്ചി: സഹകരണ ഓണം വിപണിയിലൂടെ 13 സബ്സിഡി ഇനങ്ങളും സബ്സിഡിയില്ലാത്ത 50 നിത്യോപയോഗ സാധനങ്ങളും കൺസ്യൂമർഫെഡ് വിറ്റഴിക്കും. ആഗസ്റ്റ് 16 മുതൽ 25 വരെയുള്ള ഓണം വിപണിയിൽ 300 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യം. എട്ടു കിലോ അരിയും ഒരു ലിറ്റർ വെളിച്ചെണ്ണയും ഒരു കിലോ പഞ്ചസാരയും ഉൾപ്പെടെ 13 ഇനങ്ങൾ സബ്സിഡി നിരക്കിൽ നൽകും. പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവുണ്ടാകും. ത്രിവേണി സ്റ്റോറുകൾ, സഹകരണ സംഘം ഓണച്ചന്ത എന്നിവ വഴിയാണ് വില്പന.


