NEWS
10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ പിടിയിൽ; രണ്ട് ഏജന്റുമാരും അറസ്റ്റിൽ

കൊച്ചി ∙ കൈക്കൂലി വാങ്ങുന്നതിനിടെ ലാൻഡ് റവന്യൂ തഹസിൽദാർ അറസ്റ്റിൽ. കണയന്നൂർ തഹസിൽദാർ ജോസഫ് ആന്റണിയാണ് അറസ്റ്റിലായത്. എളമക്കര സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ഇയാളുടെ രണ്ട് ഏജന്റുമാരും അറസ്റ്റിലായി. ഷിബിൻ, കണ്ണൻ എന്ന രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ ഇടപാടിന്റെ ഭാഗമാണെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് അറിയിച്ചു. വിജിലൻസിന്റെ എറണാകുളം യൂണിറ്റാണ് ജോസഫ് ആന്റണിയെ കടവന്ത്രയിൽ വച്ച് പിടികൂടിയത്. എളമക്കര സ്വദേശിയിൽനിന്ന് പത്തുലക്ഷം രൂപയാണ് ഏജന്റുമാർ മുഖേന കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്. കൃഷി ഭൂമി പുരയിടമാക്കി രേഖകള്‍ നല്‍കാനാണ് വ്യാജപരാതിക്കാരനെ സൃഷ്ടിച്ച് കൈക്കൂലി ആവശ്യപ്പെട്ടത്. സ്ഥലം ഉടമ നേരത്തെ മുതല്‍ പുരയിടം എന്ന നിലയില്‍ കരം അടച്ചുവരുന്ന ഭൂമിയായിരുന്നു വില്പനയ്ക്ക് ശ്രമിച്ചപ്പോള്‍ കൃഷി ഭൂമിയാണെന്ന് വ്യക്തമായത്. കൃഷി മണ്ണിട്ട് നികത്തിയത് അടക്കം ചൂണ്ടിക്കാട്ടി തഹസിൽദാർ ജോസഫ് ആന്റണിയുടെ സഹായി തന്നെയാണ് പരാതി നൽകിയത്.
Fashion ⏭️


