NEWS

ചൂട് കൂടി: പഴം, ജ്യൂസ് വിപണി ഉണർന്നു; ഡിമാൻഡ് നാരങ്ങ വെള്ളത്തിന്


കൽപറ്റ ∙ കത്തി നിൽക്കുന്ന വേനലിൽ അൽപം ആശ്വാസത്തിന് ജനം പഴങ്ങളിലും ജ്യൂസുകളിലും അഭയം തേടുകയാണ്. പഴവിപണിയിലും ജ്യൂസ് വിപണിയിലും മെച്ചപ്പെട്ട രീതിയിൽ കച്ചവടം നടക്കുന്നതായി വ്യാപാരികൾ പറഞ്ഞു. ആപ്പിൾ, ഓറഞ്ച്, തണ്ണിമത്തൻ എന്നിവയാണ് കൂടുതലായി വിറ്റ് പോകുന്നത്. ഇതിൽ തന്നെ ഓറഞ്ച് ആണ് ജനപ്രിയം. നാഗ്പൂരിൽനിന്നു ലഭിക്കുന്ന ചെറിയ ഓറഞ്ചുകൾക്കാണ് ജനപ്രീതി കൂടുതൽ. കിലോയ്ക്ക് 100 രൂപ മാത്രമാണുള്ളത്. വലുപ്പം ചെറുതായതിനാൽ 8 മുതൽ 10 ഓറഞ്ചുകൾ എങ്കിലും ഒരു കിലോയ്ക്ക് ലഭിക്കും. വലുപ്പം കൂടിയ മറ്റ് ഓറഞ്ച് ഇനങ്ങൾക്കും ആവശ്യക്കാരുണ്ട്. ആപ്പിളാണ് ജനപ്രീതി ഉള്ള രണ്ടാമത്തെ പഴം. 180 രൂപയാണ് ഹിമാചൽ ആപ്പിളിന്റെ നിലവിലെ വില. വേനലിൽ ആശ്വാസത്തിനൊപ്പം ആരോഗ്യം കൂടെ നോക്കുന്ന ആളുകൾ ആപ്പിൾ വാങ്ങും. കടുത്ത ചൂടായതിനാൽ തണ്ണിമത്തനും നല്ലരീതിയിൽ വിറ്റുപോകുന്നതായി വ്യാപാരികൾ പറയുന്നു. ഒരു കിലോയ്ക്ക് 35 രൂപയാണ്. സെപ്റ്റംബർ മാസം തണ്ണിമത്തൻ സീസൺ അല്ലാത്തതിനാലാണ് വില വർധന. എങ്കിലും സാധാരണക്കാരന് എളുപ്പം വാങ്ങാൻ കഴിയുന്ന പഴമായതിനാൽ കച്ചവടത്തിനു കുറവില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതിനൊടൊപ്പം മുന്തിരി, വാഴപ്പഴം, മാമ്പഴം തുടങ്ങി ഡ്രാഗൺ ഫ്രൂട്ട് വരെയുള്ള പഴവർഗങ്ങൾക്കും നല്ല ഡിമാൻഡുണ്ട്. പണ്ടത്തെ പോലെ മാസത്തിൽ ഒരിക്കൽ പഴങ്ങൾ വാങ്ങുന്നതിനു പകരം എല്ലാ ദിവസവും എന്തെങ്കിലുമൊരു പഴം വാങ്ങുന്ന സംസ്കാരത്തിലേക്ക് ഉപഭോക്താക്കൾ മാറിയെന്നാണു കച്ചവടക്കാർ പറയുന്നത്. ചൂട് ശക്തമായതോടെ ഈ ട്രെൻഡ് കൂടുതൽപ്പേർ പിന്തുടരുന്നതാണ് ഉണർവിനു കാരണമെന്നും കച്ചവടക്കാർ പറഞ്ഞു. കോഴിക്കോട് നിന്നുമാണ് പല ചെറുകിട വ്യാപാരികളും വയനാട്ടിലേക്കു പഴവർഗങ്ങൾ‌ എത്തിക്കുന്നത്. ഇതിനാൽ എല്ലാ പഴവർഗങ്ങൾക്കും അഞ്ചോ പത്തോ രൂപ കൂടുതലായിരിക്കും. ഉച്ചയ്ക്ക് കടുത്ത വെയിലും ചൂടുമായതിനാൽ വൈകിട്ടാണ് കച്ചവടം പൊടിപൊടിക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.


Fashion ⏭️

Back to top button