LIFESTYLE

ഇനി കാറിനൊപ്പം ബോട്ടും വാങ്ങേണ്ടി വരുമോ? അന്ന് ചൂടപ്പം പോലെ വിറ്റുപോയി; 2018നുശേഷം ആർക്കും വേണ്ട; അനുഭവം


ഏറെക്കാലം വിദേശത്തായിരുന്നു രാജുവും കുടുംബവും. മക്കൾ പഠനവും വിവാഹവുംകഴിഞ്ഞ് വിദേശത്ത് സെറ്റിൽ ആയപ്പോൾ ഇനി സ്വസ്ഥമായി നാട്ടിൽ പോയി സെറ്റിലാകാം എന്ന് അവർ പ്ലാനിട്ടു. പച്ചപ്പും ഹരിതാഭയുമുള്ള പ്രദേശത്ത് വേണം വീട് വയ്ക്കാൻ എന്ന് മനസ്സിൽ ഉറപ്പിച്ചു. അങ്ങനെ തറവാടിനടുത്തു ഒരു സ്ഥലം കണ്ടെത്തി. പുരയിടമാക്കി മാറ്റിയ പഴയനിലമാണ്. തൊട്ടടുത്ത് പച്ചപ്പട്ടുടുത്ത വയലേലകൾ. അതുവഴി വീശിയെത്തുന്ന കുളിർകാറ്റ്. അടുത്തൊന്നും വീടുകളില്ല, സ്വകാര്യതയുണ്ട്. ഇതാണ് താൻതേടിനടന്ന സ്ഥലം. രാജു ഉറപ്പിച്ചു.വിചാരിച്ചതിലും കുറഞ്ഞവിലയ്ക്ക് സ്ഥലംവാങ്ങി. വീടുപണി തുടങ്ങി. 10 മാസംകൊണ്ട് വീട് പൂർത്തിയായി. മക്കൾ പാലുകാച്ചലിന് വന്നുതിരിച്ചുപോയി. അങ്ങനെ രാജുവും ഭാര്യയും താമസം തുടങ്ങി.ഇനിയാണ് പ്രശ്‍നങ്ങളുടെ തുടക്കം. രാവിലെ നല്ല കുളിർകാറ്റും ചുറ്റും ഹരിതാഭയുമൊക്കെ ഉണ്ടെങ്കിലും രാത്രിയാകുമ്പോൾ പലതരം പ്രാണികളുടെ സംസ്ഥാനസമ്മേളനമാണ് സിറ്റൗട്ടിൽ. ലൈറ്റ് ഓഫ് ചെയ്ത് നോക്കിയപ്പോൾ അകത്തെ വെളിച്ചം കണ്ട് പ്രാണികൾ സമ്മേളനം വീടിനുള്ളിലാക്കി. ദീർഘകാലം വിദേശത്ത് താമസിച്ചു പരിചയിച്ചതുകൊണ്ട് പ്രാണികളെ വീട്ടുകാർക്ക് അറപ്പും ഭയവുമായിരുന്നു.അടുക്കളയിൽ സ്വസ്ഥമായി പാചകം ചെയ്യാനോ ഊണുമുറിയിലിരുന്ന് സ്വസ്ഥമായി രാത്രി ഭക്ഷണം കഴിക്കാനോ ബെഡ്‌റൂമിൽ സ്വസ്ഥമായി ഉറങ്ങാനോ കഴിയാത്ത അവസ്ഥ. ദേഹത്ത് പ്രാണികൾ ഇഴയുന്നത് മനസ്സിലാക്കി രാത്രി പലപ്പോഴും ഇരുവരും ഞെട്ടിയുണർന്നു. ചിലത് ദേഹത്ത് വന്നിരുന്നാൽ ചൊറിച്ചിലും ദുർഗന്ധവുമാണ്. അങ്ങനെ ജനലിനും എയർഹോളിനുമെല്ലാം മെഷ് അടിച്ചു. താൽകാലിക പരിഹാരമായി എന്ന് ആശ്വസിച്ചിരിക്കുമ്പോൾ അടുത്ത പ്രശ്‌നമെത്തി.അക്കൊല്ലം മഴ തകർത്തുപെയ്തു.വയൽ നിറഞ്ഞു മുറ്റത്തേക്കും സിറ്റൗട്ടിലേക്കും പിന്നെ വീടിനുള്ളിലേക്കും വെള്ളം ഒഴുകിയെത്തി. വിലകൂടിയ ഫർണിച്ചർ മുഴുവൻ നാശമായി. വോൾപേപ്പർ ഒട്ടിച്ച, പാനലിങ് ചെയ്ത ചുവരുകൾ പൊളിഞ്ഞിളകി. കൂടാതെ ഇഴജന്തുക്കളുടെ ശല്യവും. ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു പ്രശ്‌നവുമുണ്ടായി. വെള്ളക്കെട്ട് മൂലം സെപ്റ്റിക് ടാങ്ക് ബ്ലോക്കാകുന്നത് പതിവായി. ക്ളോസറ്റ് ഫ്ലഷ്ചെയ്താൽ വൃത്തിയാകുന്നില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോൾ വെള്ളമിറങ്ങിപ്പോയി. പക്ഷേ പായലും മറ്റും അഴുകിയ ഗന്ധം പിന്നെയും ഒരാഴ്ച നിന്നു.അങ്ങനെ പലവഴിക്ക് പ്രശ്നങ്ങൾ മൂലം മനഃസമാധാനം നഷ്ടമായപ്പോൾ രാജുവും ഭാര്യയും ഒരുതീരുമാനമെടുത്തു. പച്ചപ്പും ഹരിതാഭയും ആസ്വദിച്ചത് മതി. ഈ വീടുവിറ്റ് പ്രാണികളും വെള്ളക്കെട്ടുമില്ലാത്ത എവിടെയെങ്കിലും വീട്/ ഫ്ലാറ്റ് വാങ്ങാം. അങ്ങനെ താമസിയാതെ അവർ വീടുവിറ്റ് നഗരത്തിൽ ഒരു ഫ്ലാറ്റിലേക്ക് മാറുകയും ചെയ്തു.


Cinema ⏭️

Back to top button