NEWS
ഗ്യാനേഷ് കുമാറിനെതിരെ കുറ്റവിചാരണാ നീക്കം; പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം നോട്ടിസ് നൽകും

ന്യൂഡൽഹി ∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിലുൾപ്പെടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ അഭിപ്രായഭിന്നത പുറത്തുവന്നതിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. ഗ്യാനേഷ് കുമാറിനെ കുറ്റവിചാരണ ചെയ്യാനുള്ള പ്രമേയം പ്രതിപക്ഷം പാർലമെന്റിന്റെ ഇരുസഭകളിലും വീണ്ടും അവതരിപ്പിക്കും. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിഞ്ഞ് മാപ്പുസാക്ഷിയാകണമെന്നു ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 48 മണിക്കൂറിനുള്ളിൽ രാജിവച്ചില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്നു കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) പ്രഖ്യാപിച്ചു.ഗ്യാനേഷിനെ നീക്കാനുള്ള പ്രമേയം മൂന്നാം തവണയാണ് പ്രതിപക്ഷം കൊണ്ടുവരുന്നത്. കോൺഗ്രസ് മുൻകയ്യെടുത്ത് കൊണ്ടുവരുന്ന പ്രമേയത്തിന് ഇന്ത്യാസഖ്യത്തിലെ കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. പ്രമേയത്തിനുള്ള നോട്ടിസിന്റെ കരട് തയാറാക്കുകയാണെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലും അവതരിപ്പിക്കും. വോട്ടർപട്ടികയിൽ കൃത്രിമം കാട്ടിയെന്ന് ആരോപിച്ച് ഗ്യാനേഷിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സുപ്രീം കോടതിയിൽ ഹർജി നൽകാനുള്ള നീക്കവും അഭിഭാഷകരുടെ ഭാഗത്തുനിന്നു നടക്കുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർമാരുടെ ഓഫിസുകളിലേക്ക് ഇന്ന് കോൺഗ്രസ് മാർച്ച് നടത്തും. 28ന് എല്ലാ കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.
Fashion ⏭️




