NEWS

പുരപ്പുറ സോളർ: സബ്സിഡി ഇരട്ടിയാക്കി; 2.25 ലക്ഷം കുടുംബങ്ങൾക്ക് സോളർ പാനലും സൗജന്യം


പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജനയ്ക്ക് കീഴിലെ ആനുകൂല്യങ്ങൾ കൂടുതൽ ആകർഷകമാക്കാൻ വിവിധ സംസ്ഥാനങ്ങൾ. പുരപ്പുറ സോളർ ഉപയോഗം വ്യാപകമാക്കാനായി നരേന്ദ്ര മോദി സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുകയും അതിവേഗം ജനപ്രിയമായി മാറിയതുമായ പദ്ധതിയാണ് പിഎം സൂര്യഘർ. നിലവിൽ പിഎം സൂര്യ ഘർ മുഫ്ത് ബിജ്‍ലി യോജന പ്രകാരം 3 വിഭാഗങ്ങളിലായാണ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുക. ഒരു കിലോവാട്ട് സോളർ സിസ്റ്റം വയ്ക്കുന്നവർക്ക് 30,000 രൂപവരെ. 2 കിലോവാട്ടിന് 60,000 രൂപവരെ. 3 കിലോവാട്ടിന് പരമാവധി 78,000 രൂപ. നിലവിൽ ഇന്ത്യയിൽ 58.52 ലക്ഷം വീടുകളിൽ പദ്ധതിപ്രകാരം സോളർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. 17,284.3 മെഗാവാട്ടാണ് ഇതുപ്രകാരം വൈദ്യുതി ഉൽപാദനശേഷിയെന്ന് കേന്ദ്ര പുനരുപയോഗ ഊർജ മന്ത്രാലയത്തിന്റെ കണക്ക് പറയുന്നു. 32,657.67 കോടി രൂപ സബ്സിഡിയായും ഉപയോക്താക്കൾക്ക് കേന്ദ്രം നൽകി. ഡൽഹി, ബിഹാർ, തമിഴ്നാട് സർക്കാരുകളാണ് ഇപ്പോൾ പിഎം സൂര്യ ഘർ പദ്ധതിയിൽ സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് കൂടുതൽ ആകർഷക ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നത്. ഡൽഹി സർക്കാർ പ്രതിമാസം 400 യൂണിറ്റുവരെ വൈദ്യുതി ഉപയോഗിക്കുന്ന 2.25 ലക്ഷം കുടുംബങ്ങൾക്ക് 3 കിലോവാട്ട് വരെ ശേഷിയുള്ള സോളർ പാനൽ സൗജന്യമായി സ്ഥാപിച്ച് നൽകും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് സൗജന്യമായി സോളർ പാനലുകൾ ലഭ്യമാക്കുക. ഇതിനായി പ്രത്യേക പോർട്ടലും ഡൽഹി സർക്കാർ തുറന്നു. സംസ്ഥാനത്തെ പുരപ്പുറ സോളർ സബ്സിഡി വിഹിതം പിഎം സൂര്യഘർ പദ്ധതിയിൽ ഇരട്ടിയാക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രം പരമാവധി 78,000 രൂപയാണ് നൽകുന്നത്. ഡൽഹി സർക്കാരും 78,000 രൂപവരെ നൽകും. ഇതോടെ ഉപയോക്താവിന് 1.56 ലക്ഷം രൂപവരെ നേടാം. ഡൽഹിയിൽ നിലവിൽ 18,846 വീടുകളിൽ മാത്രമാണ് പിഎം സൂര്യഘർ പ്രകാരം പുരപ്പുറ സോളർ ഉള്ളത്. സ്ഥാപിതശേഷി 57.15 മെഗാവാട്ട്. 88.41 കോടി രൂപ സബ്സിഡിയും വിതരണം ചെയ്തു. പിഎം സൂര്യഘറിൽ സംസ്ഥാനം പ്രഖ്യാപിച്ച ‘ടോപ് അപ്പ് സബ്സിഡി’ ആനുകൂല്യം ഗ്രൂപ്പ് ഹൗസിങ് സൊസൈറ്റികൾക്കും (ജിഎച്ച്എസ്) ലഭിക്കും. ബിഹാർ ആണ് അധിക സബ്സിഡി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം. കേന്ദ്ര വിഹിതത്തിനൊപ്പം സംസ്ഥാനം 20,000 രൂപ കൂടിച്ചേർത്ത് 98,000 രൂപയാക്കി.  പരമാവധി 22,000 രൂപ സംസ്ഥാന വിഹിതമായി ചേർത്ത് മൊത്തം സബ്സിഡി ഒരുലക്ഷം രൂപയാക്കുകയാണ് തമിഴ്നാട്ടിലെ സി.ജോസഫ് വിജയ് സർക്കാർ ചെയ്തത്. തമിഴ്നാട്ടിൽ 1.15 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം സോളർ പാനലുള്ളത്. 362.97 മെഗാവാട്ടാണ് സ്ഥാപിതശേഷി. സബ്സിഡി നേടിയത് 669.33 കോടി രൂപ. ബിഹാറിൽ 31,681 വീടുകളിൽ പുരപ്പുറ സോളറുണ്ട്. 111.78 മെഗാവാട്ടാണ് സ്ഥാപിതശേഷി. സബ്സിഡി നേടിയത് 194.92 കോടി രൂപ. രാജ്യത്ത് ഏറ്റവും മുൻനിരയിലും ദക്ഷിണേന്ത്യയിൽ ഒന്നാമതുമായ കേരളത്തിൽ 3.65 ലക്ഷം വീടുകളിലാണ് പിഎം സൂര്യഘർ പ്രകാരം പുരപ്പുറ സോളർ സംവിധാനമുള്ളത്. 1383.77 മെഗാവാട്ടാണ് സ്ഥാപിത ഉൽപാദനശേഷി. 2321.45 കോടി രൂപ സബ്സിഡിയും നേടി. തൊട്ടടുത്തുള്ള ആന്ധ്രപ്രദേശിൽ 4.11 ലക്ഷം വീടുകളിൽ പുരപ്പുറ സോളർ ഉണ്ടെങ്കിലും സ്ഥാപിതശേഷി 1148.4 മെഗാവാട്ട് ആണ്. സബ്സിഡി നേട്ടം 2160.36 കോടി രൂപ.


Fashion ⏭️

Back to top button