NEWS
ഓസ്ട്രേലിയയിൽ സർക്കാർ സൈറ്റിൽ ഓപ്പൺഎഐ നുഴഞ്ഞുകയറി; സർക്കാർ സംവിധാനത്തിൽ വിപുലമായ കടന്നുകയറ്റം ഇതാദ്യം

സിഡ്നി ∙ മനുഷ്യനിർദേശമില്ലാതെ എഐ സംവിധാനങ്ങൾ ഹാക്കിങ് നടത്തിയ ഹഗ്ഗിങ്ഫെയ്സ് സംഭവത്തിനുശേഷം വീണ്ടും പ്രതിക്കൂട്ടിലായി ഓപ്പൺഎഐ. അമേരിക്കൻ കമ്പനിയുടെ എഐ ഏജന്റ് കഴിഞ്ഞ ജൂണിൽ ഓസ്ട്രേലിയൻ സർക്കാരിന്റെ ചികിത്സാസേവനങ്ങൾക്കുള്ള മെഡികെയർ പദ്ധതിയുടെ വെബ്സൈറ്റിൽ നുഴഞ്ഞുകയറിയതായി പ്രധാനമന്ത്രി ആന്തണി ആൽബനീസ് അറിയിച്ചു. ആദ്യമായാണ് സർക്കാർ സംവിധാനത്തിൽ ഇത്ര വിപുലമായ രീതിയിൽ ഓപ്പൺഎഐ കടന്നുകയറ്റം.പൊതുജനങ്ങൾക്കു ലഭ്യമല്ലാത്ത ചില ഫയലുകളിലേക്കും എഐ ഏജന്റ് എത്തി. എന്നാൽ രോഗികളുടെ രേഖകളോ വ്യക്തിവിവരങ്ങളോ ചോർന്നതായി തെളിവില്ല. ഇതെപ്പറ്റി ഓഗസ്റ്റിലാണ് ഓപ്പൺഎഐക്കു വിവരം ലഭിച്ചത്. എന്നാൽ സെപ്റ്റംബർ 10നു മാത്രമാണ് ഓസ്ട്രേലിയൻ അധികൃതരെ കമ്പനി വിവരം അറിയിച്ചത്. ഇതിൽ ഓസ്ട്രേലിയ പ്രതിഷേധം അറിയിച്ചു. മറ്റു സർക്കാർ സംവിധാനങ്ങളിലേക്കു കടന്നുകയറ്റമുണ്ടായോ എന്നും പരിശോധിക്കുന്നു. നിയന്ത്രണങ്ങൾ മറികടന്ന് എഐ ഏജന്റുകൾ തന്നിഷ്ടപ്രകാരം പ്രവർത്തിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക ശക്തമാക്കുന്നതാണു പുതിയ സംഭവം.
Fashion ⏭️




