BUSINESS
തുടക്കം 5000 രൂപയുടെ വിവാഹസമ്മാനത്തിൽ; വീട്ടിലിരുന്നു കേക്ക് നിർമിച്ച് രേഷ്മ മാസം നേടുന്നത് 35,000 രൂപ ലാഭം

വിവാഹത്തിനു പ്രിയ കൂട്ടുകാരി നൽകിയ 5000 രൂപയോളം വിലയുള്ള ഒരു സമ്മാനം. അതിൽനിന്നാണ് രേഷ്മ സ്വന്തം സംരംഭത്തിനുള്ള ആശയം കണ്ടെത്തിയത്. വെറുതെ കിട്ടുന്ന സമയം ഉപയോഗപ്പെടുത്തി കുടുംബത്തിനു സ്ഥിരവരുമാനം നേടിക്കൊടുക്കുകയാണ് ഈ വീട്ടമ്മ. കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്ത് വരിക്കാനിയിലെ വീട്ടിലാണ് ‘ദിയാസ് ബേക്കറി’ എന്ന സംരംഭം നടക്കുന്നത്. ഹോം മെയ്ഡ് കേക്ക് പൊതുവേ സ്ത്രീകൾ വീട്ടിൽ തുടങ്ങാറുള്ള ഹോംമെയ്ഡ് കേക്ക് തന്നെയാണ് രേഷ്മയുടെയും ബിസിനസ്. തുടങ്ങുന്നവർ ഏറെയാണെങ്കിലും മുന്നോട്ടു പോയവർ വളരെ കുറവാണ്. അതേസമയം വ്യത്യസ്ത വിഭാഗം ഉപഭോക്താക്കൾക്കായി സ്പെഷലൈസ്ഡ് കേക്കുകൾ നൽകി മികച്ച രീതിയിൽ മുന്നോട്ടു പോകാൻ കഴിയുന്നു എന്നതാണ് വിജയ കാരണം. വെജിറ്റേറിയൻസിനു മുട്ട ചേർക്കാത്തതും ഷുഗർ പേഷ്യന്റ്സിന് പഞ്ചസാര ചേർക്കാത്തതുമായ കേക്കുകൾ ഉണ്ടാക്കി നൽകുന്നു. സാദാ പ്ലം കേക്കുകൾക്കു പുറമേ ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, ചോക്ലേറ്റ്, ക്യാരറ്റ്, വാനില, ചീസ്കേക്ക് എന്നിവയും നിർമിക്കുന്നു. ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രത്യേക തീമും ഡിസൈനുകളുമെല്ലാം കേക്കിനു നൽകും. അതിനാൽ ജെൻ സീകൾക്കിടയിലും നല്ല വിപണിയുണ്ട്. സാധാരണ വീടുകളിൽ ഉപയോഗിക്കുന്ന മൈക്രോവേവ് അവ്ൻ ആണ് കൂട്ടുകാരി സമ്മാനമായി നൽകിയത്. കോവിഡ് സമയമായിരുന്നതിനാൽ വെറുതെ വീട്ടിലിരിക്കുമ്പോൾ അവ്നിൽ കേക്ക് ഉണ്ടാക്കി പരീക്ഷിച്ചു. അതു വിജയമാണെന്നു മനസ്സിലാക്കിയതോടെ എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ പരിശീലനം നേടി. ബന്ധുക്കൾക്കും അയൽപക്കക്കാർക്കും കേക്കുകൾ നിർമിച്ചു നൽകി. നല്ല അഭിപ്രായം കിട്ടിയതോടെ മാസത്തിൽ അഞ്ചു മുതൽ പത്തുവരെ ഓർഡറുകൾ ലഭിച്ചു. മൗത്ത് പബ്ലിസിറ്റിയിലൂടെ ഷോപ്പുകളിൽനിന്ന് ഓർഡറുകൾ കൂടിവന്നപ്പോൾ സംരംഭമായിത്തന്നെ ചെയ്യാം എന്നായി. 90,000 രൂപയുടെ വായ്പ ബാങ്ക് ഓഫ് ബറോഡയിൽനിന്ന് 90,000 രൂപ വായ്പയായി എടുത്ത് പുതിയ അവ്ൻ, ഹാൻഡ് ബീറ്റിങ് മെഷീൻ എന്നിവ വാങ്ങിയത്. പിഎംഎഫ്എംഇ പദ്ധതിയിലായതിനാൽ വായ്പത്തുകയിൽ 35% സബ്സിഡിയും ലഭിച്ചു. അര കിലോഗ്രാമിന്റെ പന്ത്രണ്ടു കേക്കും ഒരു കിലോഗ്രാമിന്റെ ആറു കേക്കും ഒരേ സമയം ബേക്ക് ചെയ്യാവുന്ന ഗ്യാസ് അവ്നാണ് വാങ്ങിയത്. വീട്ടിലെ മുറിയിൽ തന്നെയാണ് നിർമാണം. പഠിച്ചത് ബികോം ബികോം ബിരുദധാരിയായ രേഷ്മ കിറ്റെക്സ് കമ്പനിയിൽ ജോലി ചെയ്തിരുന്നു. വിവാഹശേഷം മുണ്ടക്കയത്തേക്ക് താമസം മാറി. ഭർത്താവ് ജിസ് സ്വന്തം നിലയിൽ ഇന്റീരിയർ ഡക്കറേഷന്റെ വർക്ക് ഏറ്റെടുത്തു ചെയ്യുന്നു. കോവിഡ് കാലത്ത് നടത്തിയ പരീക്ഷണം ഇന്ന് സ്വന്തമായി ഒരു വരുമാനവും തൊഴിലും ഉറപ്പാക്കിയിരിക്കുന്നു. ജോലിക്കാരാരുമില്ല. എല്ലാം സ്വയം ചെയ്യുന്നു. ഭർത്താവും അമ്മയും നിർമാണത്തിലും വിൽപനയിലും സഹായിക്കും. അഞ്ചു വയസ്സുള്ള മകള്‍ സിയ കൂടി അടങ്ങുന്നതാണ് കുടുംബം. ദിയാസ് കേക്കുകൾ കേക്കുകളിൽ കടുത്ത മത്സരം ഉണ്ട്. പക്ഷേ, അവസരങ്ങൾ ഏറെയുണ്ടെന്നും ദിയാസിന്റെ ചില മേന്മകൾ ഇവിടെ ഗുണം ചെയ്യുന്നുവെന്നും രേഷ്മ പറയുന്നു. ∙ മികച്ച അസംസ്കൃതവസ്തുക്കൾ മാത്രം ഉപയോഗിച്ച് ഏറ്റവും രുചികരമായി തയാർ െചയ്യുന്നു. ∙ പ്രാദേശികമായി പരസ്പരം അറിയുന്ന ഗുണഭോക്താക്കളായതിനാൽ കൂടുതൽ ശ്രദ്ധിക്കുന്നു. ∙ പഞ്ചസാര വേണ്ടാത്തവർക്ക് അതില്ലാതെയും വെജിറ്റേറിയൻസിന് മുട്ട ചേർക്കാതേയും രുചികരമായ കേക്ക് നൽകും. ∙ ഏതു തീമും ഡിസൈനും വൃത്തിയായും മനോഹരമായും ചെയ്യും ഇതെല്ലാം മത്സരത്തെ അതിജീവിക്കാൻ വഴിയൊരുക്കുന്നു. പീത്‌സ നിർമാണത്തിലേക്ക് പീത്‌സയ്ക്ക് ഇപ്പോൾ ആവശ്യക്കാരേറെയാണ്. പരീക്ഷണാർഥം ഉണ്ടാക്കിയപ്പോൾ നല്ല റിസൽട്ടും കിട്ടി. അതോടെ സംരംഭം വിപുലൂകരിക്കാനുള്ള തയാറെടുപ്പിലാണ്. തൽക്കാലം അതും സ്വന്തം നിലയിൽ ചെയ്യാനാണ് തീരുമാനം. കൂടുതൽ ഡിമാൻഡ് വന്നാൽ തൊഴിലാളിയെ വയ്ക്കും. സാധാരണ പീത്‌സയുടെ വിലയെക്കാൾ 25 ശതമാനം കുറച്ചു വിറ്റാലും നല്ല ലാഭം കിട്ടുമെന്നു രേഷ്മ പറയുന്നു. വിലാസം: ദിയാസ് ബേക്കേഴ്സ്, വരിക്കാനി, മുണ്ടക്കയം പി.ഒ., കോട്ടയം -686513 35,000 രൂപ ലാഭം ഷോപ്പുകളിൽ നിന്ന് ഡിസൈൻ, തീം എന്നിവ അടക്കം മുൻകൂട്ടി ഓർഡർ എടുത്താണ് കേക്കു നിർമാണം. 550 മുതൽ 1,600 രൂപവരെയാണ് വില. വിവാഹം, വിവാഹനിശ്ചയം, വിവാഹ വാർഷികം, ജന്മദിനം, മാമോദീസ എന്നിവയ്ക്ക് നേരിട്ട് കേക്ക് ഓർഡർ ചെയ്യുന്നവരുമുണ്ട്. ഇപ്പോൾ മാസം 100-120 കേക്കുകൾ വിൽക്കുന്നതിലൂടെ 60,000-70,000 രൂപയുടെ വിൽപനയുണ്ട്. 30,000-35,000 രൂപ ലാഭം നേടുന്നു. ജോലിക്കു പോകാതെ വീട്ടിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം. ആർക്കും കടന്നുവരാം; വെറുതെ ഇരിക്കുന്നവരോട് കാര്യമായ ജോലിയൊന്നുമില്ലാതെ ഫ്രീയായി കുറച്ചുസമയം ഉള്ള ആർക്കും ഇതിലേക്ക് കടന്നുവരാം. പരമാവധി ഒരുലക്ഷം രൂപയുണ്ടെങ്കിൽ വീട്ടിൽതന്നെ ഇത്തരം സംരംഭങ്ങൾ തുടങ്ങാം. ആവശ്യമായ സാങ്കേതിക പരീശലനവും ഇപ്പോൾ ലഭ്യമാണ്. മാസം 50,000 രൂപയുടെ കേക്ക് വിറ്റാൽ 25,000 രൂപ വരുമാനം നേടാം. ചെറിയ തുകയാണെങ്കിലും സ്വന്തമായി സമ്പാദിക്കുന്നതിന്റെ വില ഒന്നു വേറെ തന്നെയാണ്. നിർമാണം ഇങ്ങനെ; കേക്ക് നിർമിക്കാം എളുപ്പത്തിൽ കേക്ക് നിർമാണം വളരെ ലളിതമാണ്. മൈദ, പഞ്ചസാര, കോഴിമുട്ട, സുഗന്ധവ്യഞ്ജനങ്ങൾ, ബേക്കിങ് പൗഡർ, ബേക്കിങ് സോഡ, എണ്ണ, ഉണക്കിയ പഴങ്ങൾ. അണ്ടിപ്പരിപ്പ് എന്നിവയാണു ചേരുവകൾ. ഇവ പ്രത്യേക അനുപാതത്തിൽ ചേർത്തു മിക്സ് ചെയ്ത്, ബീറ്റ് ചെയ്ത്, അവ്നിൽ വച്ച് ബേക്ക് ചെയ്തെടുക്കുന്നു. വ്യത്യസ്ത തീമുകൾ, ഡിസൈനുകൾ എന്നിവ അനുസരിച്ച് ഡെക്കറേറ്റ് ചെയ്താണ് കേക്കുകൾ വിൽക്കുന്നത്. ചേരുവകളിൽ ചില മാറ്റങ്ങൾ വരുത്തി ബ്ലാക്ക് ഫോറസ്റ്റ്, റെഡ് വെൽവെറ്റ്, ചോക്ലേറ്റ്, ക്യാരറ്റ്, വാനില, ചീസ് തുടങ്ങിയ കേക്കുകൾ നിർമിക്കാം. ഇവയ്ക്ക് കൂടുതൽ വിലയും ലാഭവും ലഭിക്കും.
Travel ⏭️


