NEWS

‘ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം; പുതിയ നടപടി പ്രായമായവർക്ക് ബുദ്ധിമുട്ടാകും’: പ്രതിഷേധവുമായി സിപിഎം


തിരുവനന്തപുരം∙ ക്ഷേമപെന്‍ഷന്‍ സഹകരണബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിച്ചിരുന്ന പദ്ധതി അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. ക്ഷേമപെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 62 ലക്ഷത്തോളം വരുന്ന പാവപ്പെട്ടവരുടെ ആശാകേന്ദ്രമായ പെന്‍ഷന്‍ പദ്ധതി ഒഴിവാക്കാനുള്ള നടപടിയുടെ ആദ്യപടിയായാണ് നേരിട്ടുള്ള പെന്‍ഷന്‍ വിതരണം അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിയെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ബാങ്ക് അക്കൗണ്ട് വഴി മാത്രമേ പെന്‍ഷന്‍ വിതരണം ചെയ്യുകയുള്ളു എന്ന ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ക്ഷേമപെന്‍ഷന്‍ തടസപ്പെടാന്‍ മാത്രമേ സര്‍ക്കാര്‍ നടപടി ഉപകരിക്കുകയുള്ളുവെന്ന് മുന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രത്തില്‍നിന്നു പെന്‍ഷന്‍ കിട്ടുന്നവര്‍ക്ക് നേരത്തേ തന്നെ ബാങ്ക് ട്രാന്‍സ്ഫര്‍ നടപ്പാക്കിയതാണ്. ഇപ്പോഴത്തെ നടപടി പ്രായമായവര്‍ക്കു വലിയ ബുദ്ധിമുട്ടാകും. ബാങ്ക് അക്കൗണ്ട് വഴി ആക്കുമ്പോള്‍ പ്രായമായവര്‍ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരും. നേരത്തേ പാചകവാതക സബ്‌സിഡി ബാങ്ക് വഴിയാക്കിയിരുന്നു. കുറച്ചു നാളുകള്‍ക്കു ശേഷം സബ്‌സിഡി നല്‍കാതായി. സമാനമായ അവസ്ഥ ക്ഷേമപെന്‍ഷന്‍ വിഷയത്തിലുണ്ടാകുമെന്നും കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തിച്ച് നല്‍കുന്നതിനു പകരം തുക നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


Fashion ⏭️

Back to top button