HEALTH

ഹാളണ്ട് ഉറങ്ങുന്നത് വായിൽ ടേപ്പ് ഒട്ടിച്ച്, ഉറങ്ങുന്നതിന് മുമ്പ് ഓറഞ്ച് ഗ്ലാസ്; എന്താണിതിനു കാരണം?


നോർവെയുടെ സ്റ്റാർ പ്ലെയറായ ഏർലിങ് ഹാളണ്ട് (Erling Haaland) മികച്ച പ്രകടനമാണ് ഈ ലോകകപ്പിലിതുവരെ കാഴ്ചവെച്ചിരിക്കുന്നത്. ബ്രസീലിനെ പ്രീക്വാർട്ടറിൽ 2-1ന് തോൽപ്പിച്ചാണ് നോർവെ ക്വാർട്ടറിലേക്ക് കടന്നത്. ആ രണ്ടുഗോളുകളും വന്നത് ഹാളണ്ടിന്റെ ബൂട്ടിൽനിന്നുതന്നെ. ഇതുവരെയുള്ള കളികളിൽനിന്നായി ഏഴുഗോളുകളാണ് താരം നേടിയത്. ബ്രസീലിനെതിരെയുള്ളൊരു ലോകകപ്പ് മത്സരത്തിൽ രണ്ടുഗോളുകൾ നേടുന്ന താരവും അദ്ദേഹം തന്നെ.ഈ ലോകകപ്പ് തുടങ്ങിയശേഷം ഹാളണ്ടിന്റെ ജനപ്രീതിയും കുതിച്ചുയർന്നു. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ 6 കോടിയിലേറെ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ലോകകപ്പിന് മുമ്പിത് 4 കോടി ആളുകളായിരുന്നു.അതിനിടെ ഹാളണ്ടിന്റെ ഭക്ഷണശീലങ്ങളും ഉറക്കവുമെല്ലാം ചർച്ചയാവുകയാണ്. സാധാരണയായി താരങ്ങൾ പ്രോട്ടീൻ കൂടുതലടങ്ങിയ ഭക്ഷണമാണ് കഴിക്കാറ്. എന്നാൽ, ഹാളണ്ട് അങ്ങനെയല്ല. റിപ്പോർട്ടുകൾ പ്രകാരം 6000 കലോറിക്ക് മുകളിലുള്ള ഭക്ഷണമാണ് അദ്ദേഹം എല്ലാ ദിവസവും കഴിക്കുന്നത്. അദ്ദേഹത്തിന്റെ ഉറക്കത്തിന്റെ കാര്യത്തിലുമുണ്ട് ചില സവിശേഷതകൾ. ദിവസവും 11 മണിക്കൂറാണ് അദ്ദേഹം ഉറങ്ങുന്നത്. ചില പ്രത്യകശീലങ്ങളുമുണ്ട് ഉറക്കത്തിനുമുമ്പ്. കിടക്കുന്നതിന് മൂന്നുമണിക്കൂർ മുമ്പ് ഓറഞ്ച് നിറമുള്ള കണ്ണടകൾ ധരിക്കും. മാത്രമല്ല ഉറങ്ങുമ്പോൾ വായയിൽ ടേപ്പ് ഒട്ടിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ ശ്വാസകോശത്തിന്റെ ആരോഗ്യവും വ്യാപ്തിയും വർധിക്കുമെന്നാണ് പറയപ്പെടുന്നത്. എന്നാലിതിൽ എത്രത്തോളം സത്യമുണ്ടെന്ന് നോക്കാം. ശരിക്കും ഒരാൾക്ക് 11 മണിക്കൂർ ഉറങ്ങേണ്ടതുണ്ടോ? ഓറഞ്ച് കണ്ണട വെക്കുന്നതുകൊണ്ടുള്ള ഗുണമെന്താണ്? വായയിൽ ടേപ്പ് ഒട്ടിക്കുന്നത് നല്ലതാണോ?ചിലർ സ്‌ക്രീൻ ടൈം കൂടുതലുള്ളവരായിരിക്കാം. തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ ചെലവഴിക്കുന്ന സമയത്തെയാണ് സ്‌ക്രീൻ ടൈം എന്നു പറയുന്നത്. വൈകുന്നേരങ്ങളിൽ ഫോണും ടിവിയുമൊക്കെ കൂടുതലായി ഉപയോഗിക്കുന്നവർക്ക്, ബ്ലൂ ലൈറ്റ് കൂടുതലായി കാണുന്നുണ്ട്. സ്‌ക്രീനുകളിൽനിന്നുള്ള ഈ നീലവെളിച്ചം നമ്മുടെ ശരീരത്തിലെ ഉറക്കത്തിന് കാരണമാകുന്ന മെലറ്റോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം കുറയ്ക്കാൻ സാധ്യതയുണ്ട്. അപ്പോൾ ഉറക്കത്തിന്റെ താളം നഷ്ടപ്പെടുകയും മോശം ഉറക്കത്തിന് കാരണമാവുകയും ചെയ്യുന്നു. ആ നീലവെളിച്ചത്തിനൊരു ഫിൽറ്ററിങ് ഇഫക്ട് നൽകാൻ ഓറഞ്ച് ഗ്ലാസ് അല്ലെങ്കിൽ ആംബർ ടിന്റഡ് ഗ്ലാസുകൾ (Amber Tinted Glasses) ഉപകാരപ്പെടുമെന്ന് ചില പഠനങ്ങൾ പറയുന്നു. അത് ഒരുപാടാളുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശാസ്ത്രീയപഠനങ്ങൾ അല്ല. എങ്കിലും ആ പഠനങ്ങൾ പറയുന്നത് സ്‌ക്രീൻ ടൈം കൂടുതലുള്ളയാളുകളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ (Sleep Quality Improvement) ഈ ഓറഞ്ച് ഗ്ലാസുകൾ ചെറുതായി സഹായിക്കുമെന്നതാണ്. കൂടുതലായി ഫോണും കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഉപയോഗിച്ചു ജോലിചെയ്യുന്നവർക്ക് ബ്ലൂ ലൈറ്റിന്റെ ഇഫക്ട് കുറയ്ക്കാൻ, ഓറഞ്ച് ഗ്ലാസുകൾ സഹായകമായിരിക്കും.മൗത്ത് ടേപ്പിങ് പലരും ഉപയോഗിക്കുന്നതായി കാണുന്നുണ്ട്. പക്ഷേ അതിന് ശാസ്ത്രീയമായുള്ള അടിത്തറയൊന്നുമില്ല. മൂക്കിലൂടെ മാത്രം ശ്വാസമെടുക്കാൻ വേണ്ടിയാണ് അവരിത് ചെയ്യുന്നത്. മൂക്കിലൂടെ ശ്വാസമെടുക്കുമ്പോഴാണ് വായുവിന്റെ ഗുണനിലവാരം (Air Quality) കൂടുകയെന്ന് പറയപ്പെടുന്നുണ്ട്. പക്ഷേ സാധാരണഗതിയിൽ മൗത്ത് ബ്രീത്തിങ് (വായിലൂടെ ശ്വാസമെടുക്കുന്നത്) എന്തെങ്കിലും നേസൽ ഒബ്‌സ്ട്രക്ഷൻസ് (മൂക്കിലെന്തെങ്കിലും തടസ്സങ്ങൾ) ഉള്ളവരായിരിക്കും. മൂക്കിന്റെ പാലത്തിന് വളവ്, നേസൽ പോളിപ്പ്, അലർജി, സ്ലീപ്പ് അപ്‌നിയ തുടങ്ങിയ അസുഖങ്ങളുള്ളവർക്ക് ഈ മൗത്ത് ടേപ്പിങ് കൂടുതൽ ദോഷമാണ് ചെയ്യുക. കാരണം അവർക്ക് ശ്വാസമെടുക്കാൻ കഴിയുന്നത് വായിലൂടെ മാത്രമായിരിക്കും. മൗത്ത് ടേപ്പിങ്ങിനെക്കുറിച്ച് വലിയ പഠനങ്ങളൊന്നുമില്ല. എല്ലാവർക്കും ഇത് ഗുണകരമാകണമെന്നുമില്ല. മാത്രമല്ല ചിലപ്പോൾ ദോഷമുണ്ടാക്കുകയും ചെയ്‌തേക്കാം. വായതുറന്ന് ഉറങ്ങുന്നത് ചിലപ്പോൾ സ്ലീപ് അപ്‌നിയയുടെ ഒരു ലക്ഷണവുമാകാം. അങ്ങനെയുള്ള രോഗികളും മൗത്ത് ടേപ്പിങ് ചെയ്താൽ, ഈ അസുഖം തിരിച്ചറിയപ്പെടാതെ പോവാനുമിടയുണ്ട്.സാധാരണയായി ഒരാൾക്ക് വേണ്ട ഉറക്കം 7 മുതൽ 8 മണിക്കൂർ വരെയാണ്. 11 മണിക്കൂർ ഉറക്കംകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണങ്ങളുണ്ടെന്ന് എവിടെയും പറയുന്നില്ല. ദോഷമുണ്ടെന്നല്ല. പക്ഷേ നമ്മുടെ പ്രൊഡക്ടീവ് ടൈം കുറയുകയാണ് ചെയ്യുന്നത്.


Source link

Back to top button