കള്ളാടി ദുരന്തം; കാണാതായ വിക്രം റാണയ്‌ക്കായി ഇന്നും തെരച്ചിൽ തുടരും

കള്ളാടി മണ്ണിടിച്ചിൽ (ചിത്രം: രോഹിത് തയ്യിൽ)
കൽപ്പറ്റ: കള്ളാടി തുരങ്കപാത നിർമ്മാണ ദുരന്തത്തിൽ കാണാതായ കൺസ്‌ട്രക്ഷൻ മാനേജർ വിക്രം റാണക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. ഇതുവരെ ഏഴുപേരുടെ മരണം സ്ഥിരീകരിച്ചു. ദുരന്ത സ്ഥലത്തെ രണ്ടാം സോൺ കേന്ദ്രീകരിച്ചാണ് ഇന്ന് കൂടുതൽ തെരച്ചിൽ നടക്കുക. സ്ഥലം സന്ദർശിക്കാൻ കൊങ്കൺ വിദഗ്‌ദ്ധ സംഘം ഇന്ന് എത്തിയേക്കും. അപകടത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി അധികൃതർ അറിയിച്ചു. 49 കുടുംബങ്ങളിലെ 132പേർ ക്യാമ്പിൽ തുടരുകയാണ്.
കൊങ്കൺ റെയിൽവേയുടെ വിശദീകരണം
കള്ളാടി ദുരന്തത്തിന്റെ കാരണം സംബന്ധിച്ച വിവാദങ്ങൾക്കിടെ, വിശദീകരണവുമായി തുരങ്കപാത നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ. അതിതീവ്ര മഴയാണ് അപകടത്തിന് കാരണമെന്നും നിർമ്മാണ പ്രവർത്തനങ്ങളിൽ വീഴ്ചയില്ലെന്നുമാണ് വിശദീകരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രദേശത്ത് 240 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. മണ്ണിടിച്ചിലിന്റെ പ്രഭവകേന്ദ്രം തുരങ്ക നിർമ്മാണ മേഖലയിൽ അല്ലെന്നും, നിർമ്മാണം നടക്കുന്ന ഭാഗത്ത് നിന്ന് ഏകദേശം 240 മീറ്റർ അകലെയും തുരങ്കത്തിന് മുകളിൽ 110 മീറ്റർ ഉയരത്തിലുമാണ് വലിയ തോതിൽ മണ്ണും മരങ്ങളും ഇടിഞ്ഞുവീണതെന്നും അധികൃതർ വ്യക്തമാക്കി.
കാലവർഷം ആരംഭിച്ചതിനെത്തുടർന്ന് തുരങ്ക നിർമാണവും ഖനന പ്രവർത്തനങ്ങളും താത്കാലികമായി നിറുത്തിയിരുന്നുവെന്നും, അപകടസമയത്ത് നിർമ്മാണ പ്രവർത്തനം നടന്നിരുന്നില്ലെന്നും കൊങ്കൺ റെയിൽവേ അറിയിച്ചു. എഞ്ചിനീയറിംഗ് മാനദണ്ഡം പാലിച്ചാണ് സുരക്ഷാ ഭിത്തികളും ചരിവുകളും നിർമ്മിച്ചതെന്നും, നിർമാണപ്പിഴവൊന്നും കണ്ടെത്തിയിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മണ്ണ് നിക്ഷേപിച്ചിരുന്ന പ്രദേശവും സുരക്ഷിതനിലയിലാണെന്നും അധികൃതർ അവകാശപ്പെടുന്നു.
English Summary
A search operation will continue today for construction manager Vikram Rana, who remains missing after the Kalladi tunnel construction disaster in Kalpetta. Seven deaths have been confirmed so far, with rescue teams focusing on the second zone of the accident site. A Konkan expert team is expected to visit the site, while officials said those injured are recovering and 132 people from 49 families remain in relief camps.
RELATED TOPICS: KALLADI DISASTER, VIKRAM RANA, KALLADI RESCUE OPERATION, MISSING VIKRAM RANA, KALLADI DURANTHAM
Read News ⏭️


