‘നിന്റെ അച്ഛൻ എവിടെയെടാ? പണത്തിന്റെ ഹുങ്കിൽ വണ്ടിയോടിച്ച അഹങ്കാരിയായ ആ ചെക്കൻ ശിക്ഷിക്കപ്പെടണം’

സുഹൈൽ സജീവ്
നെടുമ്പാശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിലെ പ്രതി സുഹൈൽ സജീവ് നിയമപരമായി ശിക്ഷിക്കപ്പെടണമെന്ന് നിർമാതാവ് ജോളി ജോസഫ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ ധനികരായ സുഹൈൽ സജീവിന്റെ മാതാപിതാക്കൾ പങ്കുചേരണമെന്നും മനസറിഞ്ഞ് അവരെ സഹായിക്കണമെന്നും ജോളി ജോസഫ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പോസ്റ്റിന്റെ പൂർണരൂപം
നിന്റെ അച്ഛൻ എവിടെയെടാ?
നെടുമ്പാശേരി അത്താണിയിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ ദാരുണമായ അപകടമുണ്ടാക്കിയ കാർ ഓടിച്ച സുഹൈൽ സജീവിന് നാട്ടുകാരുടെ വക മർദനം; സ്വാഭാവികം!
വയനാട് മടക്കിമല സന്തോഷ് ഭവനിൽ ദേവിക (21), മംഗലാപുരം കനകമഞ്ചൽ ഇബ്രാഹിമിന്റെ മകൻ ഇയാസ് (21), പാലക്കാട് കരിമ്പ ഇടക്കുറിശ്ശി മുള്ളൻകുഴി പ്രദീപ് കുമാറിന്റെ മകൾ ഗോപിക (21) എന്നിവരാണ് മരിച്ചത്. അവരെക്കാൾ പ്രായം കുറഞ്ഞ ഒരാളുടെ അശ്രദ്ധയിൽ ഇത്ര ചെറുപ്രായത്തിലേ പൊലിഞ്ഞുപോയ മൂന്നു കുഞ്ഞുങ്ങൾക്ക് ആദരാഞ്ജലികൾ.
സമൂഹമാദ്ധ്യമങ്ങളിലെല്ലാം സുഹൈൽ സജീവിനും അച്ഛനും സോഷ്യൽ മീഡിയയിൽ താരമായ അമ്മയ്ക്കുമെതിരെ പ്രതികരിക്കുന്നവരുടെ എണ്ണം കൂടുകയാണ്! അതോടൊപ്പം മരണപ്പെട്ട കുരുന്നുകൾക്ക് നീതി ലഭിക്കാനായി സമരപ്രഖ്യാപനങ്ങളുമായി ഒന്നോ രണ്ടോ കൂട്ടരും ഇറങ്ങിയിട്ടുണ്ട്. അന്യദേശക്കാരായ കുട്ടികൾ പാതിരാത്രി കഴിഞ്ഞ് പുറത്ത് കറങ്ങാൻ പോയതിനെ വിമർശിക്കുന്നവരുടെ എണ്ണവും കുറവല്ല. എന്നാൽ കറങ്ങാൻ പോയതല്ല പ്രശ്നം; ലഹരിയിൽ കാറോടിച്ചവനാണ് പ്രശ്നക്കാരൻ. ബന്ധപ്പെട്ട അധികാരികളുടെ നേതൃത്വത്തിലും സഹായത്തോടെയും മൂന്നു കാര്യങ്ങളാണ് നടക്കേണ്ടത്.
(1) പണത്തിന്റെ ഹുങ്കിൽ, ലഹരിയിൽ, അതിവേഗത്തിൽ വണ്ടിയോടിച്ച അഹങ്കാരിയായ ആ ചെക്കൻ നിർബന്ധമായും നിയമപരമായി ശിക്ഷിക്കപ്പെടണം.
(2) കുടുംബത്തെ സഹായിക്കാൻ അന്യദേശത്ത് ജോലി ചെയ്യുകയായിരുന്ന, മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബാംഗങ്ങളുടെ വേദനയിൽ ധനികരായ സുഹൈൽ സജീവിന്റെ മാതാപിതാക്കൾ പങ്കുചേരണം; മനസ്സറിഞ്ഞ് അവരെ സഹായിക്കണം. മകൻ ചെയ്ത ഗുരുതരമായ തെറ്റിന് അതൊരൽപം പ്രായശ്ചിത്തമാകട്ടെ. മൂന്നു പേർ ഒരു ഇരുചക്രവാഹനത്തിൽ ഉണ്ടായിരുന്നതിനാൽ ഇൻഷുറൻസ് പോലും ലഭിക്കാൻ സാദ്ധ്യതയില്ല.
(3) ചെറുപ്രായത്തിൽ മക്കൾക്ക് കാറുകൾ വാങ്ങിക്കൊടുക്കുന്ന ആദ്യത്തെ മാതാപിതാക്കളല്ല ആ ചെക്കന്റെ അച്ഛനും അമ്മയും. എന്നിരുന്നാലും അവരുടെ കുഴപ്പം കൊണ്ടാണ് അപകടമുണ്ടായത് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഒട്ടുമിക്ക കാര്യങ്ങളും ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുന്ന, വളരെ ധനികരായ അവർ, വൈകാരികമായി പ്രതികരിക്കുന്ന ആളുകളോടും മരണപ്പെട്ട കുട്ടികളുടെ വീട്ടുകാരോടും കൂട്ടുകാരോടും നാട്ടുകാരോടും മനസ്സ് തുറന്ന് മാപ്പു പറയുകയാണെങ്കിൽ, വന്നുചേരുന്ന ശാപങ്ങൾക്കെങ്കിലും കുറച്ചു കുറവുണ്ടാകും.
RELATED TOPICS: SUHAIL SAJEEV, NEDUMBASSERY ACCIDENT, JOLLY JOSEPH, KERALA ROAD ACCIDENT, VICTIMS FAMILIES
Read News ⏭️




