ദിനോസറുകളുടെ കാലത്തിനുമുമ്പുള്ള ഭീകരൻ എന്നും അടുക്കളയിൽ എത്തും, ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ നഖവും തിന്നും

പ്രതീകാത്മക ചിത്രം
ദിനോസറുകളെക്കാൾ മുമ്പ് ഭൂമിയിലുണ്ടായ ഒരു ജീവിയെ എന്നും നമ്മൾ അടുക്കളയിൽ കാണും. പ്രത്യേകിച്ച് രാത്രിയിലും അതിരാവിലെയും. പക്ഷേ മനുഷ്യനെക്കാണുമ്പോൾ ഇവ ഓടിയാെളിക്കും. ഇത്തിരിക്കുഞ്ഞൻ പാറ്റകളാണ് ഈ ഭീകരർ. ആർക്കും തരിമ്പുപോലും ഇഷ്ടമില്ലെങ്കിലും പാറ്റകൾ മനുഷ്യന്റെ നിത്യജീവിതവുമായി വളരെയേറെ ബന്ധമുള്ളവയാണ്. കൂടയെന്നും ഇവയ്ക്ക് വിളിപ്പേരുണ്ട്.
ഇരുട്ടും തണുപ്പുമാണ് ഇവയ്ക്ക് ഏറെ ഇഷ്ടം. അതുകൊണ്ടാണ് നമ്മൾ ഭക്ഷണം കഴിഞ്ഞ് അടുക്കള അടയ്ക്കുമ്പോൾ പാറ്റകൾ പുറത്തിറങ്ങുന്നത്. മനുഷ്യനെപ്പാേലെ എന്തും തിന്നുന്ന സ്വഭാവമാണ് പാറ്റകൾക്ക്. ഇനി ഇഷ്ടപ്പെട്ടതൊന്നും കിട്ടിയില്ലെങ്കിൽ പുസ്തകത്തിന്റെ പുറംചട്ടകളെപ്പോലുള്ള പേപ്പറുകൾ അകത്താക്കാനും ഇവയ്ക്ക് ഒരുമടിയുമില്ല. നമ്മൾ അനക്കമില്ലാതെ ഉറങ്ങിക്കിടന്നാൽ കാലിലെയും കൈയിലെയും നഖങ്ങളും പാറ്റകൾ അകത്താക്കുമത്രേ. ഇനി തിന്നാൻ മറ്റൊന്നും കിട്ടിയില്ലെങ്കിൽ പരസ്പരം ഭക്ഷണമാക്കാറുണ്ട്. പരസ്പരം നടത്തുന്ന ആക്രമണത്തിനുശേഷം തോറ്റുപോകുന്നയാളെ വിജയിക്കുന്ന പാറ്റ ആഹാരമാക്കും.
തലവെട്ടിയാൽ സാധാരണ ജീവികളൊക്കെ ചത്തുപോകും. എന്നാൽ പാറ്റകളെ തലവെട്ടി കൊന്നുകളയാമെന്ന് കരുതിയെങ്കിൽ തെറ്റി. അവറ്റകൾ തലയില്ലാതെയും സുഖമായി ജീവിക്കും. സാധാരണ ജീവികളുടെ രക്തചംക്രമണ വ്യവസ്ഥയിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് പാറ്റകളുടെ രക്തചംക്രമണ വ്യവസ്ഥ. അതുപോലെ രക്തസമ്മർദ്ദവും തീരെ കുറവാണ്. അതുകൊണ്ട് തലമുഴുവൻ മുറിഞ്ഞുപോയാൽ ഉണ്ടാകുന്ന വലിയ മുറിവിലൂടെ കാര്യമായ രക്തനഷ്ടം പാറ്റകൾക്കുണ്ടാവുന്നില്ല. മാത്രമല്ല മുറിവ് വളരെപ്പെട്ടെന്ന് പൂർണമായും ഇല്ലാതാവുകയും ചെയ്യും.
മൂക്കിലൂടെയല്ല ശ്വസിക്കുന്നത് എന്നതും തലപോയാലും ജീവിക്കുന്നതിന് മറ്റൊരു കാരണമാണ്. ശരീരഭാഗങ്ങളിലെ ചെറു ദ്വാരങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. തലപോയാൽ വെള്ളം കുടിക്കാൻ കഴിയാതെയാണ് അവ ചത്തുപോകുന്നത്.
English Summary
Cockroaches, creatures predating dinosaurs, are common kitchen inhabitants. These omnivores consume anything, including paper and human nails, and exhibit cannibalism. Remarkably, they can survive for extended periods without their heads, breathing through body holes. They eventually die from dehydration, unable to drink water, showcasing their unique biological resilience.
RELATED TOPICS: COCKROACH FACTS, COCKROACH LIFE, INSECT FACTS, PATTA MALAYALAM, INTERESTING INSECT FACTS
Source link


